റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷ മങ്ങുന്നു. അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുത്തു. അഞ്ചാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റ് ശേഷിക്കെ ഓസീസിനിപ്പോള്‍ എട്ട് റണ്‍സ് ലീഡായി. 45 റണ്‍സുമായി ഷോണ്‍ മാര്‍ഷും 50 റണ്‍സോടെ ഹാന്‍ഡ്സ്‌കോമ്പും ക്രീസില്‍.
അവസാനദിനം ആദ്യ സെഷനില്‍ തന്നെ റെന്‍ഷായെയും അപകടകാരിയായ സ്മിത്തിനെയും മടക്കിയ ഇന്ത്യ വിജയം എളുപ്പമാകുമെന്ന് കരുതിയെങ്കിലും മാര്‍ഷും ഹാന്‍ഡ്സ്കോമ്പും അശ്വിനെയും ജഡേജയെയും ഫലപ്രദമായി പ്രതിരോധിച്ചു. 63/4 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ഇരുവരും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ അവസരങ്ങളൊന്നും നല്‍കിയില്ല.
ആദ്യ ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രമെടുത്ത അശ്വിന് രണ്ടാം ഇന്നിംഗ്സില്‍ ഒറ്റ വിക്കറ്റ് പോലും നേടാനായില്ല. അശ്വിന്റെ മങ്ങിയ ഫോം ഇന്ത്യക്ക് തിരിച്ചടിയായി. പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷയും മങ്ങി.
