പഞ്ച്കുല: ഐ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഗോകുലം എഫ്‌സി. ഒരാഴ്ചയ്ക്കുള്ളില്‍ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാനേയും ഈസ്റ്റ് ബംഗാളിനേയും കീഴടക്കിയതിന് പിന്നാലെ മിനര്‍വ പഞ്ചാബിനെയും വീഴ്ത്തി ഗോകുലും പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മിനര്‍വയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കീഴടക്കിയത്.75-ാം മിനിറ്റില്‍ ഹെൻറി കിസേക്ക ബൈസിക്കിള്‍ കിക്കിലൂടെയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോകുലത്തിന്റെ ഗോള്‍ വന്നത്. നിര്‍ഭാഗ്യത്തേയും പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തേയും മറികടന്നായിരുന്നു കേരള ക്ലബ്ബിന്റെ വിജയം. 26-ാം മിനിട്ടില്‍ മോസയുടെ ത്രോയില്‍ നിന്ന് മിനർവ താരം ഡാനോ ബോക്സിനകത്ത് പന്ത് കൈകൊണ്ട് തൊട്ടെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.
പിന്നീട് രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ മൂന്ന് അവസരങ്ങള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. 66-ാം മിനിട്ടില്‍ ബോക്സിനു പുറത്തുനിന്ന് അര്‍ജ്ജുന്‍ ജയരാജ് തൊടുത്ത വോളി ക്രോസ് ബാറില്‍ തട്ടി മടങ്ങി. നാലു മിനിട്ടിനുശേഷം ബോക്സിനകത്തു നിന്ന് മുഹമ്മദ് റാഷിദ് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. ഇതിനുശേഷമാണ് 75ാം മിനിട്ടില്‍ പകരക്കാരന്‍ മുഹമ്മദ് സാലയുടെ ക്രോസില്‍ നിന്ന് ഗോള്‍ നേടി ഹെൻറി കിസേക്ക ഗോകുലത്തിന്റെ രക്ഷക്കെത്തിയത്.
Kisekka Goal..! #ILeague#GokulamFC@KeralaFootballpic.twitter.com/y8ZS7QKHP0
— sajna anesthesia (@SajnaAlungal) February 20, 2018
ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഗോകുലം ഇന്നിറങ്ങിയത്. ഡാനിയേല്‍ ആഡോക്ക് പകരം എസ് ഷൈനുവും, സസ്പെന്‍ഷനിലായ മുഹമ്മദ് ഇര്‍ഷാദിന് പകരം ബല്‍വീന്ദര്‍ സിംഗും പരിക്കറ്റേ മഹമ്മൂദ് അല്‍ അജ്മിക്ക് പകരക്കാരനായി അര്‍ജുന്‍ ജയരാജും അന്തിമ ഇലവനിലെത്തി. ഹെന്‍റി കിസേക്കയെ ഏക സ്ട്രൈക്കറാക്കി 4-5-1 ശൈലിയിലാണ് ഗോകുലം കളത്തിലിറങ്ങിയത്.
