മുംബൈ: മധ്യനിര താരം അമ്പാട്ടി റായുഡു ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചതായി ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മണ്‍. ലോകകപ്പില്‍ നാലാം നമ്പറില്‍ ഇറങ്ങാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് റായുഡു. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. 

സമീപകാലത്ത് മികച്ച പ്രകടനമാണ് റായുഡു കാഴ്‌ചവെക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്സിലൂടെ 90 റണ്‍സ് നേടി അയാള്‍ തന്‍റെ കഴിവ് തെളിയിച്ചു. ഇതോടെ ടീമില്‍ സ്ഥാനമുറപ്പിച്ചതായും വിവിഎസ് ലക്ഷ്‌മണ്‍ പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് അമ്പാട്ടി റായുഡുവിനെ ഒഴിവാക്കണമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് നേടിയപ്പോള്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ആകെ 24 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ കിവീസിനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 63.33 ശരാശരിയില്‍ 190 റണ്‍സ് റായുഡു അടിച്ചുകൂട്ടി. പരമ്പരയില്‍ ഉയര്‍ന്ന റണ്‍സ് നേടിയ താരം കൂടിയാണ് അമ്പാട്ടി റായുഡു.