ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കാന്‍ ഇന്ത്യയ്ക്ക് ഉപദേശം നല്‍കുകയാണ് മുന്‍ ഓപ്പണര്‍. നാലാം ടെസ്റ്റില്‍ സ്‌പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും ഇന്ത്യ കളിപ്പിക്കണം. വിചിത്രമെന്ന് തോന്നുമെങ്കിലും വീരു ഈ ആവശ്യത്തിനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്.

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തില്‍ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പരമ്പര കൈവിടാതിരിക്കാന്‍ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. മൂന്നാം ടെസ്റ്റില്‍ തോറ്റ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കാന്‍ ഇന്ത്യയ്ക്ക് ഉപദേശം നല്‍കുകയാണ് മുന്‍ ഓപ്പണ്‍ വീരേന്ദര്‍ സെവാഗ്. നാലാം ടെസ്റ്റില്‍ സ്‌പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും ഇന്ത്യ കളിപ്പിക്കണമെന്ന് വീരു ആവശ്യപ്പെട്ടു.

പേസിന് പൂര്‍ണ ആനുകൂല്യമുള്ള ഇംഗ്ലീഷ് സാഹചര്യത്തില്‍ വീരു ഈ ആവശ്യത്തിനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്. എതിരാളികളെ എറി‍ഞ്ഞൊതുക്കാന്‍ കെല്‍പ്പുള്ള മികച്ച റാങ്കിംഗിലുള്ള രണ്ട് സ്‌പിന്നര്‍മാര്‍ ടീമിലുള്ളത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ അശ്വിന്‍റെ ഫിറ്റനസ് സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് അശ്വിന്‍ ജഡേജയ്‌ക്കൊപ്പം കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ബൗളിംഗിനൊപ്പം രണ്ട് പേരും നന്നായി ബാറ്റു ചെയ്യും എന്നതും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ഇതിഹാസ വെടിക്കെട്ട് ഓപ്പണര്‍ പറയുന്നു. 

പരമ്പരയില്‍ 2-1ന് ഇംഗ്ലണ്ടിപ്പോള്‍ മുന്നിലാണ്. ഓഗസ്റ്റ് 30 മുതല്‍ സതാംപ്റ്റണില്‍ ആണ് നാലാം ടെസ്റ്റ്.