ദില്ലി: ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. രണ്ടു ദശകം നീണ്ട കരിയറിനൊടുവില്‍ ആശിഷ് നെഹ്റ രാജ്യാന്തര ക്രിക്കറ്റിനോട് വിടവാങ്ങുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നു. നെഹ്റയുടെ വിടവാങ്ങല്‍ മാത്രമല്ല ഇന്ത്യ ഇന്ന് ജയിച്ചാല്‍ അത് പുതിയ ചരിത്രമാവും. കാരണം ട്വന്റി-20യില്‍ ഇതുവരെ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ കീഴടക്കാനയിട്ടില്ല എന്നതുതന്നെ.
കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ആറു തവണ നേര്‍ക്കുനേര്‍വന്നപ്പോഴും വിജയം കീവികള്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ജയം ഇന്ത്യക്ക് വെറും കുട്ടിക്കളിയല്ല. ഒരു സിക്സര്‍ വ്യത്യാസത്തില്‍ ഏകദിന പരമ്പര കൈവിട്ട ന്യൂസിലന്‍ഡ് ട്വന്റി-20യിലെ തങ്ങളുടെ വിജയചരിത്രം തുടരാനുറച്ചാകും ദില്ലിയില്‍ ഇറങ്ങുകയെന്നുറപ്പ്.
ഐസിസി ട്വന്റി-20 റാങ്കിംഗില്‍ കീവീസ് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയാകട്ടെ അഞ്ചാം സ്ഥാനത്തും. എന്നാല്‍ കീവീസിനെ തൂത്തുവാരിയാല്‍ ട്വന്റി-20യില്‍ ഒന്നാം സ്ഥാനത്തേക്കുയരാനാകുമെന്ന മോഹിപ്പിക്കുന്ന നേട്ടവും ഇന്ത്യക്ക് മുന്നിലുണ്ട്. മനീഷ് പാണ്ഡെ മടങ്ങി വന്നേക്കുമെന്നൊതൊഴിച്ചാല്‍ ഇന്ത്യന്‍ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിടവാങ്ങാന്‍ അവസരം തേടിയ നെഹ്റയെ എന്തായാലും അന്തിമ ഇലവനില്‍ കളിപ്പിക്കേണ്ടിവരും.
നെഹ്റ വരുമ്പോള്‍ ആരാകും വഴിമാറുക എന്നത് കണ്ടറിയണം. ബുമ്ര-ഭുവനേശ്വര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ കോലി തയാറാകുമോ എന്നും പ്രസ്കതമായ ചോദ്യമാണ്. വെള്ളത്തില്‍ മുക്കിയ പന്തുമായി കുല്‍ദീപ് യാദവ് ഇന്നലെ പരിശീലനം നടത്തിയത് രാത്രിയിലെ മഞ്ഞുവീഴ്ച വില്ലനായേക്കുമെന്നതിന്റെ തെളിവാണ്. മിച്ചല്‍ സാന്റനര്‍ക്കൊപ്പം ഇഷ് സോധിയെയയും ഉള്‍പ്പെടുത്തി കീവസ് സ്പിന്‍ ആക്രമണത്തിന് കരുത്തുകൂട്ടിയേക്കും.
