കേപ്ടൗണ്‍: ന്യൂലന്‍ഡ്‌സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗനയക്കുകയായിരുന്നു. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20യും സ്വന്തമാക്കി ചരിത്രം കുറിക്കാനിറങ്ങുന്ന ഇന്ത്യ നിര്‍ണായക മാറ്റങ്ങളുമായാണ് കളിക്കുന്നത്. സ്ഥിരം നായകന്‍ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക.

കോലിക്ക് പകരം ദിനേശ് കാര്‍ത്തിക്കും ചാഹലിന് പകരം അക്ഷര്‍ പട്ടേലും ഉനദ്കട്ടിന് പകരം ജസ്‌പ്രീത് ബൂംറയും ടീമിലെത്തി. ആദ്യ ട്വന്റി-20യിലെ ആധികാരിക ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ രണ്ടാം ട്വന്റി-20ക്കിറങ്ങിയ ഇന്ത്യക്ക് അടിപതറിയിരുന്നു. അതിനാലാണ് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീമില്‍ ഇന്ത്യ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയത്. 

അതേസമയം കോലിക്ക് വിശ്രമം വേണമെന്ന വിലയിരുത്തലാണ് ടീം മാനേജ്മെന്‍റിന്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സ്മട്ടിനും പാറ്റേഴ്സണും പകരം ജോങ്കറും ഫംഗിസോയുമാണ് കളിക്കുക. മികച്ച ഫോമിലുള്ള ശീഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ തന്നെയാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങുക.