എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. സുനില്‍ ഗവാസ്കറും സൗരവ് ഗാംഗുലിയും അടക്കമുള്ളവര്‍ നിര്‍ദേശങ്ങളുമായി രംഗത്തുവരികയും ചെയ്തും.

ലണ്ടന്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. സുനില്‍ ഗവാസ്കറും സൗരവ് ഗാംഗുലിയും അടക്കമുള്ളവര്‍ നിര്‍ദേശങ്ങളുമായി രംഗത്തുവരികയും ചെയ്തും. ഇപ്പോഴിതാ ഹര്‍ഭജന്‍ സിംഗും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെ ഉണ്ടാവണമെന്ന ചര്‍ച്ചയില്‍ ഭാഗമായി രംഗത്തെത്തിയിരിക്കുന്നു.

ആദ്യ ടെസ്റ്റ് കളിച്ച ടീമിലെ ആരെയൊക്കെ ഒഴിവാക്കിയിട്ടാണെങ്കിലും കുല്‍ദീപ് യാദവിനെയും ചേതേശ്വര്‍ പൂജാരയെയും രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമെന്നാണ് ഹര്‍ഭജന്റെ വാദം. ശീഖര്‍ ധവാനെ ഒഴിവാക്കി പൂജാരയെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഭാജിയുടെ തുറന്നുപറച്ചില്‍. ആരെ ഒഴിവാക്കുന്നു എന്നത് വിഷയമല്ല. പൂജാര എന്തായാലും രണ്ടാം ടെസ്റ്റിനുണ്ടാവണം. ന്യൂബോളിന്റെ തിളക്കം കളയാനും ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാനും പൂജാരയെപ്പോലൊരു കളിക്കാരന്‍ വേണം.

അതുപോലെ ആരെ ഒഴിവാക്കിയിട്ടാണെങ്കിലും കുല്‍ദീപ് യാദവിനെയും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമെന്നും ഹര്‍ഭജന്‍ മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ധവാന് പകരം പൂജാരയെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പൂജാരയും ഫോം ഒട്ടും ആശാവഹമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൗണ്ടി സീസണില്‍ യോര്‍ക്ക്ഷെയറിനായി കളിച്ച പൂജാരക്ക് ആറ് ഇന്നിംഗ്സില്‍ നിന്ന് 172 റണ്‍സ് മാത്രമാണ് നേടാനായത്. കഴിഞ്ഞമാസം നാട്ടില്‍ അഫ്ഗാനെതിരെ നടന്ന ടെസ്റ്റില്‍ 35 റണ്‍സ് മാത്രമായിരുന്നു പൂജാരയുടെ നേട്ടം. ധവാന് പകരം പൂജാരയെ കളിപ്പിക്കുകയും അദ്ദേഹം തിളങ്ങാതിരിക്കുകയും ചെയ്താല്‍ പിന്നെന്ത് ചെയ്യുമെന്ന ചോദ്യവും ടീം മാനേജ്മെന്റിന് മുന്നിലുണ്ട്.