ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്കും ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യയ്ക്കും പങ്കിട്ട് നല്‍കണമായിരുന്നുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 100MB app ലൂടെ ആരാധകരുമായി നടത്തിയ തല്‍സമയ സംവാദത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്കും ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യയ്ക്കും പങ്കിട്ട് നല്‍കണമായിരുന്നുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 100MB app ലൂടെ ആരാധകരുമായി നടത്തിയ തല്‍സമയ സംവാദത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താനായിരുന്നു അവാര്‍ഡ് നല്‍കിയിരുന്നതെങ്കില്‍ മൂന്നാം ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം പാണ്ഡ്യക്കും കോലിക്കും പങ്കിട്ടു കൊടുക്കുമായിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി. കോലിയും പാണ്ഡ്യയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയെന്നും സച്ചിന്‍ പറഞ്ഞു.

കോലിയുടെ രണ്ട് ഇന്നിംഗ്സുകളിലെയും പ്രകടനങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ കോലിയുടെ ഇന്നിംഗ്സ് ഇന്ത്യക്ക് ശക്തമായ അടിത്തറയൊരുക്കിയെങ്കില്‍ രണ്ടാം ഇന്നിംഗ്സിലെ ഇന്നിംഗ്സ് ഇംഗ്ലണ്ടിന് അപ്രാപ്യമായ ലക്ഷ്യം മുന്നോട്ടുവെക്കുന്നതില്‍ സഹായിച്ചു. അതേസമയം, ആദ്യ ഇന്നിംഗ്സിലെ ഹര്‍ദ്ദീക് പാണ്ഡ്യയുടെ പ്രകടനവും ഏറെ നിര്‍ണായകമാണ്.

ഫോമിലുള്ള ജോ റൂട്ടിനെയും ജോണി ബെയര്‍സ്റ്റോയെയും പോലുള്ള താരങ്ങളെയാണ് പാണ്ഡ്യ ആദ്യ ഇന്നിംഗ്സില്‍ പുറത്താക്കിയത്. അതുകൊണ്ടുകൂടിയാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ 161 റണ്‍സില്‍ ഒതുക്കാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്സിലാകട്ടെ പാണ്ഡ്യ അതിവേഗ അര്‍ധസെഞ്ചുറി നേടി ഇംഗ്ലണ്ട് ലക്ഷ്യം 500ന് മുകളിലെത്തിക്കുകയും ചെയ്തു. ഇത് ഒരു അഭിപ്രായം മാത്രമായി കരുതിയാല്‍ മതിയെന്നും സച്ചിന്‍ പറഞ്ഞു.