ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കു ലീഡ്. ആദ്യ ഇന്നിംഗ്സിൽ ഏഴു റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം 49/1 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. 16 റണ്‍സ് നേടിയ ഓപ്പണർ പാർഥിവ് പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. ഫിലാൻഡറിനാണു വിക്കറ്റ്. മുരളി വിജയ്(13), കെ.എൽ.രാഹുൽ(16) എന്നിവർ ക്രീസിലുണ്ട്. മൂന്നു ദിവസവും ഒന്‍പതു വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ഇതേവരെ 42 റണ്‍സിന്റെ ലീഡാണുള്ളത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 187ന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 194 റണ്‍സിന് ഓൾഒൗട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ആതിഥേയരുടെ ലീഡ് ഏഴു റണ്‍സിൽ ഒതുക്കിയത്. ഹാഷിം അംല(61), വെറോണ്‍ ഫിലാൻഡർ(35), കാസിഗോ റബാദ എന്നിവർക്കു മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. ഇന്ത്യ വിട്ടുനൽകിയ 23 റണ്‍സാണ് ദക്ഷിണാഫ്രിക്കർ നിരയിലെ നാലാം ടോപ് സ്കോറർ.
ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള വാണ്ടറേഴ്സിലെ പിച്ചിൽ 6/1 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ആരംഭിച്ചത്. പക്ഷേ, സ്കോർ 16ൽ ഡീൻ എൽഗർ(4) മടങ്ങി. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ റബാദ ഹാഷിം അംലയ്ക്കൊപ്പം ചേർന്നതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് ഇഴഞ്ഞാണെങ്കിലും മുന്നോട്ടുനീങ്ങി.
പക്ഷേ, സ്കോർ 80ൽ റബാദയെ പുറത്താക്കി ഇഷാന്ത് ശർമ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഡിവില്ല്യേഴ്സ് അഞ്ചു റണ്‍സുമായി മടങ്ങി. നായകൻ ഫഫ് ഡുപ്ലസി (8) ക്കും ക്വിന്റണ്‍ ഡികോക്കി (8) നും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇവർക്കു പിന്നാലെ നങ്കൂരമിട്ടിരുന്ന അംലയെയും ബുംറ മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. 239 പന്തിൽനിന്നായിരുന്നു അംലയുടെ 61 റണ്‍സ്.
ഇവർക്കു ശേഷമെത്തിയ വെറോണ്‍ ഫിലാൻഡർ നടത്തിയ ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ ലീഡിലേക്കു നയിച്ചത്. സ്കോർ 175ൽ ഫിലാൻഡറെ ഷാമി പുറത്താക്കി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബുംറയ്ക്കു മൂന്നു വിക്കറ്റുമായി ഭുവനേശ്വർ കുമാർ മികച്ച പിന്തുണ നൽകി. ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ രണ്ടോവർ മാത്രമാണ് പന്തെറിഞ്ഞത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
