കൊളംബോ: ശ്രീലങ്കയ്ക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ വിജയം. ശ്രീലങ്കയുയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. പുറത്താകാതെ 110 റണ്‍സെടുത്ത കോലി ഏകദിനത്തില്‍ 30-ാം സെഞ്ചുറി നേട്ടത്തിലെത്തി. ഇതോടെ 30 സെഞ്ചുറികളുള്ള ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങിനൊപ്പമെത്തി കോലി . 63 റണ്‍സെടുത്ത കേദാര്‍ ജാദവ് കോലിക്ക് ഉറച്ച പിന്തുണ നല്‍കി.
അഞ്ച് വിക്കറ്റു വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ് മാച്ച്. ജസപ്രീത് ബുംറയെ പരമ്പയിലെ താരമായി തെരഞ്ഞെടുത്തു. സെഞ്ചുറിയോടെ വിരാട് കോലി ഏകദിനത്തില്‍ ഈ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കി. ഓപ്പണര്‍ രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാന എന്നിവര്‍ക്ക് തിളങ്ങാനായില്ല. മനീഷ് പാണ്ഡെ 36 റണ്‍സെടുത്ത് പുറത്തായി. ലസിത് മലിംഗ, വിശ്വ ഫെര്‍ണാണ്ടോ, മലിന്‍ഡ പുഷ്പകുമാര എന്നിവര്‍ക്കാണ് വിക്കറ്റ്.
നേരത്തെ അര്‍ദ്ധ സെഞ്ചുറി നേടിയ ഏയ്ഞ്ചലോ മാത്യൂസ്, ലഹിരു തിരിമനെ എന്നിവരുടെ മികവിലാണ് ശ്രീലങ്ക പരമ്പരയിലെ ഭേദപ്പെട്ട സ്കോര്‍ നേടിയത്. 42 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് ശ്രീലങ്കയെ തകര്‍ത്തത്. നേരത്തെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. പര്യടനത്തില്‍ ഒരു മത്സരം ടി20 അവശേഷിക്കുന്നുണ്ട്.
