ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.15നാണ് മത്സരം

മാഞ്ചസ്റ്റര്‍: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുളള സന്നാഹ മത്സരത്തില്‍ അര്‍ജന്‍റീന നാളെ ഇറ്റലിക്കെതിരെ. മാഞ്ചസ്റ്റര്‍ സിറ്റി മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.15നാണ് കളി തുടങ്ങുന്നത്. മികച്ച ഫോമിലുള്ള സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുടെ സാന്നിധ്യം അര്‍ജന്‍റീനയ്ക്ക് കരുത്താകും. 

സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വെയ്ന്‍, ഹാവിയര്‍ മഷറാനോ, ഏഞ്ചല്‍ ഡി മരിയ, ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ തുടങ്ങിയ
പ്രമുഖ താരങ്ങളും അര്‍ജന്‍റീന ടീമിലുണ്ട്. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇറ്റാലിയന്‍ നിരയ്ക്ക് മാനം കാക്കാനുള്ള അവസരമാണ് ഇത്. 

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തുന്ന ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണിന്‍റെ സാന്നിധ്യം ശ്രദ്ധേയമാകും. എന്നാല്‍ സൂപ്പര്‍ ഡിഫന്‍റര്‍ ചെല്ലിനി കളിക്കാത്തത് അസൂറിപ്പടയ്ക്ക് തിരിച്ചടിയാകും.