കിംഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലക സ്ഥാനത്തുനിന്ന് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജിനെ നീക്കിയെന്ന് സൂചന. കഴിഞ്ഞ തവണ ഹോഡ്ജിന് കീഴില്‍ ടീം പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നില്ല. കൂടുതല്‍ മാറ്റങ്ങള്‍ക്ക് ടീം മുതിര്‍ന്നേക്കും എന്നും റിപ്പോര്‍ട്ട്. 

മൊഹാലി: ഐപിഎല്‍ ടീം കിംഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലക സ്ഥാനത്തുനിന്ന് ബ്രാഡ് ഹോഡ്‌ജിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഉടന്‍ നടക്കാനിരിക്കുന്ന ടീം ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനം പ്രഖ്യാപിച്ചേക്കും. ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്കും സാധ്യതയുള്ളതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സീസണില്‍ ടീമിന്‍റെ ഉപദേശകനായിരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ നിലനിര്‍ത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഹോഡ്‌ജിന് കീഴില്‍ നന്നായി തുടങ്ങിയ ടീം രണ്ടാം പകുതിയില്‍ ദയനീയ പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. പിന്നാലെ ആര്‍ അശ്വിന്‍റെ നായകത്വത്തെ കുറിച്ച് പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നെറ്റ് റണ്‍റേറ്റില്‍ വളരെ താഴെയായ ടീം പ്ലേ ഓഫിന് യോഗ്യത നേടാതെ ഏഴാമതായാണ് സീസണ്‍ അവസാനിപ്പിച്ചത്. അതിനാല്‍ വരുന്ന സീസണില്‍ ടീമിനെ മെച്ചപ്പെട്ട സ്ഥാനത്തെത്തിക്കുക ലക്ഷ്യമിട്ടാണ് മുന്‍ ഓസീസ് താരത്തെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത് എന്നാണ് സൂചന.