മുംബൈ: ഐപിഎല്‍ താരലേലത്തില്‍ കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് പ്രതിഫലം നേടിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 12.5 കോടി രൂപ നല്‍കിയാണ് രാജസ്ഥാൻ റോയൽസാണ് ബെൻ സ്റ്റോക്ക്സിനെ സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനായി 9.4 കോടി രൂപയാണ് കൊല്‍ക്കത്ത മുടക്കിയത്. കഴിഞ്ഞ സീസണിൽ ബംഗളുരു റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്നു സ്റ്റാര്‍ക്ക്.

വിൻഡീസ് ഓള്‍റൗണ്ടര്‍ കീറന്‍ പൊള്ളാര്‍‍ഡിനെ മുംബൈ ഇന്ത്യൻസ് നിലനിര്‍ത്തിയപ്പോള്‍ വെടിക്കെട്ട് താരം ക്രിസ് ഗെയിലിനെ ആരും ഇതുവരെ സ്വന്തമാക്കിയിട്ടില്ല. റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെയാണ് പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയത്. പൊള്ളാര്‍ഡിനായി 5.40 കോടിയാണ് മുംബൈ ഇന്ത്യൻസ് മുടക്കിയത്. ഇന്ത്യന്‍ താരങ്ങളില്‍ ചെന്നൈ താരമായിരുന്ന ആര്‍ അശ്വിനെ ചെന്നൈക്ക് സ്വന്തമാക്കാനായില്ല.

ചെന്നൈ സൂപ്പര്‍കിങ്സിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടു ഇന്ത്യൻ ഓഫ് സ്‌പിന്നര്‍ അശ്വിനെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. 7.6 കോടി രൂപ മുടക്കിയാണ് അശ്വിനെ പഞ്ചാബ് സ്വന്തമാക്കിയത്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് നിലനിര്‍ത്തി. 1.60 കോടി രൂപയാണ് ചെന്നൈ ഡുപ്ലെസിസിന് വേണ്ടി മുടക്കിയത്.

ഇന്ത്യൻ ഓപ്പണര്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി. റൈറ്റു മാച്ച് കാര്‍ഡിലൂടെയാണ് ഹൈദരാബാദ് ധവാനെ നിലനിര്‍ത്തിയത്. 5.2 കോടി രൂപയാണ് ധവാനുവേണ്ടി സണ്‍റൈസേഴ്സ് ചെലവഴിച്ചത്.