ജെംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സി ഏകപക്ഷീയമായ രണ്ട് ഗോളിന് ജെംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്തു. 23-ാം മിനുറ്റില്‍ മിക്കുവും 34-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിന്‍റെ ഗോളുകള്‍ നേടിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷയുയര്‍ത്തി. 

ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്

ഓരോ മത്സരങ്ങള്‍ അവശേഷിക്കേ ജെംഷഡ്പൂര്‍ 26 പോയിന്റുമായി നാലാമതും 25 പോയിന്‍റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാമതുമാണ്. രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന 24 പോയിന്‍റുള്ള ഗോവയുടെ കാലിലാണ് ഇനി കണക്കിലെ കളി. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ ഗോവ പ്ലേ ഓഫിലെത്തും.

എന്നാല്‍ 28ന് കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ഗോവ പരാജയപ്പെടുകയും മാര്‍ച്ച് നാലിന് ജെംഷഡ്പൂരിനെതിരെ വിജയിക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്സിസ് പ്ലേ ഓഫിലെത്താം. ഇങ്ങനെ സംഭവിക്കണമെങ്കില്‍ മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിന്‍റെ തട്ടകത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചിരിക്കണം.