മുംബൈ:ഐപിഎല്ലിന്‍റെ പുതിയ എഡിഷനായുള്ള താരലേലം പൂര്‍ത്തിയായതിന് പിറകേ ടീമിന്‍റെ പേര് മാറ്റാനൊരുങ്ങി കിംഗ്സ് ഇലവന്‍ മാനേജ്മെന്‍റ്. 

ഇതിനായുള്ള അപേക്ഷ ടീം മാനേജ്മെന്‍റ് ബിസിസിഐയ്ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ടീമിന്‍റെ ഹോം ഗ്രൗണ്ട് മൊഹലിയില്‍ നിന്നും മാറുന്ന സാഹചര്യത്തിലാണ്. പേരും മാറ്റാനുള്ള തീരുമാനമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ എന്‍.ബി.എയിലും പ്രധാന ബേസ്ബോള്‍ ലീഗുകളിലും ഹോംഗ്രൗണ്ട് മാറുമ്പോള്‍ പേരും മാറ്റുന്നത് പതിവാണ്. 

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനുമായും മൊഹാലി കോര്‍പ്പറേഷനുമായും പല വിഷയങ്ങളിലും കിംഗ്സ് ഇലവന്‍ മാനേജ്മെന്‍റ് ഉടക്കി നില്‍ക്കുകയാണ്. കൂടാതെ മൊഹാലിയിലെ മത്സരങ്ങള്‍ക്ക് കാര്യമായി കാണികള്‍ എത്താതും ടീമിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് മൊഹാലിയെ കൂടാതെ ഇന്‍ഡോറിനേയും ടീം ഹോംഗ്രൗണ്ടായി തീരുമാനിച്ചത്. 

കിംഗ്സ് ഇലവനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ ടീമിന്‍റെ പേര് മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഐപിഎല്ലിലെ ആദ്യ എഡിഷനുകളില്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്സ് എന്ന പേരില്‍ കളിച്ചിരുന്ന ഹൈദരാബാദ് ടീം ഉടമസ്ഥര്‍ മാറിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്ന് പേരുമാറ്റിയിരുന്നു.