കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഓസീസിനെതിരെ ഹാട്രിക് നേടിയ കുല്‍ദീപ് യാദവിന് തുണയായത് ധോണിയുടെ ഉപദേശം. തുടര്‍ച്ചയായി മാത്യു വെയ്ഡ്, അഷ്‌ടണ്‍ അഗര്‍ എന്നിവരെ വീഴ്‌ത്തിയ കുല്‍ദീപ് അടുത്ത പന്തെറിയുന്നതിനു മുമ്പ് ധോണിയോട് ഉപദേശം തേടിയിരുന്നു. കുല്‍ദീപിന് തോന്നുന്നതുപോലെ പന്തെറിയാനാണ് ധോണി ആവശ്യപ്പെട്ടത്. 

ധോണി തന്ന സ്വാതന്ത്രമാണ് പാറ്റ് കമ്മിണ്‍സിന്‍റെ വിക്കറ്റ് നേടാന്‍ സഹായിച്ചതെന്ന് കുല്‍ദീപ് പറയുന്നു. ആദ്യ ഓവറുകളില്‍ കൃത്യതയില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടിയ കുല്‍ദീപ് ഹാട്രിക്കുമായി തിരിച്ചുവരവ് ഗംഭീരമാക്കി. വിക്കറ്റിനു പിന്നില്‍ നിന്നു ധോണി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മുമ്പും ഇന്ത്യയെ തുണച്ചിട്ടുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ ഒരോവറില്‍ മൂന്ന് സിക്‌സുകള്‍ കൊടുക്കേണ്ടിവന്നത് പാഠമായെന്നും കുല്‍ദീപ് പറഞ്ഞു.