കൊല്‍ക്കത്ത: ഓസീസിന്റെ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ താന്‍ ബൗള്‍ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് കുല്‍ദീപ് യാദവ്. വാര്‍ണറെ അഞ്ച് തവണ പുറത്താക്കിയ കുല്‍ദീപിന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടുള്ളത് സ്റ്റീവ് സ്മിത്തിനെതിരെയാണെന്നും വെളിപ്പെടുത്തി. 

വാര്‍ണര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മനസിലുറപ്പിക്കും. ഞാന്‍ ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലാകുമെന്ന് തനിക്കറിയാം. അഞ്ച് തവണ ഞാന്‍ അദ്ദേഹത്തെ പുറത്താക്കി. ഇനി എന്താകുമെന്ന നോക്കാം-കുല്‍ദീപ് പറഞ്ഞു.

വാര്‍ണറെ വേഗത്തില്‍ പുറത്താക്കാന്‍ സാധിച്ചാല്‍ കളിയുടെ ദിശ തന്നെ മാറ്റാന്‍ സാധിച്ചേക്കും. അതേസമയം ബൗള്‍ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം സ്റ്റീവ് സ്മിത്താണ്. അദ്ദേഹം ബൗളിങ് ശൈലി കൃത്യമായി മനസിലാക്കും. കൃത്യമായി സംഗിളെടുക്കാനും വേണ്ടസമയത്ത് ഷോട്ടുകള്‍ പായിക്കാനും അദ്ദേഹത്തിന് കഴിയും. 30-40 ഓവറിന് മുകളില്‍ അദ്ദേഹം പിടിച്ചു നിന്നാല്‍ സമ്മര്‍ദ്ദം ബോളിംഗ് നിരയിലേക്ക് തിരിയുമെന്നും കില്‍ദീപ് പറഞ്ഞു.