Asianet News MalayalamAsianet News Malayalam

ഓസീസിനെ വട്ടംകറക്കി ഇന്ത്യയുടെ ചൈനാമാന്‍

Kuldeep Yadav spins Australia into trouble
Author
Dharamshala, First Published Mar 25, 2017, 4:09 AM IST

ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ നിര്‍ണായക നാലാം ടെസ്റ്റിനിറങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുമോ എന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. കോലി കളിക്കില്ലെന്ന് ഉറപ്പായതോടെ മലയാളി താരം ശ്രേയസ് അയ്യര്‍ക്ക് സ്വാഭാവികമായും ടീമില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പരീശിലന മത്സരത്തില്‍ ഓസീസിനെതിരെ ഡബിള്‍ സെഞ്ചുറി അടിച്ചതിന്റെ പിന്‍ബലവും അയ്യര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് കോലിക്ക് പകരം അന്തിമ ഇലവനിലെത്തിയത് 23കാരന്‍ കുല്‍ദീപ് യാദവ് എന്ന ചൈനാമാന്‍ സ്പിന്നറായിരുന്നു.

പേസിനെ തുണയ്ക്കുമെന്ന് കരുതിയ പിച്ചില്‍ കോലിക്ക് പകരക്കാരനായി ഒരു സ്പിന്നറെ ടീമിലെടുത്ത ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ നടപടി പലരുടെയും നെറ്റിചുളിച്ചു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് കുല്‍ദീപ് യാദവ് ഓസീസിനെ കറക്കി വീഴ്‌ത്തി. ആദ്യം വാര്‍ണര്‍ പിന്നെ ഹാന്‍ഡ്സ്‌കോമ്പ് ഒടുവില്‍ മാക്സ്‌വെല്ലും കുല്‍ദീപിന്റെ പന്തിന്റെ ടേണ്‍ അറിയാതെ കറങ്ങി വീണു. ഹാന്‍ഡ്‌സ്കോമ്പിനെയും മാക്സ്‌വെല്ലിനെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നെങ്കില്‍ വാര്‍ണറെ കുല്‍ദീപ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ രഹാനെയുടെ കൈകളിലെത്തിക്കുകയായിരുന്നു. വാലറ്റത്ത് വെടിക്കെട്ടിന് തുനിഞ്ഞ കമിന്‍സിനെ സ്വന്തം ബൗളിംഗില്‍ പിടികൂടെ കുല്‍ദീപ് വിക്കറ്റേ നേട്ടം നാലാക്കി. നിര്‍ണായക ടെസ്റ്റില്‍ നല്ലതുടക്കമിട്ട ഓസീസിനെ ബാക് ഫൂട്ടിലാക്കിയതും കുല്‍ദീപിന്റെ ചൈനാമാന്‍ സ്പിന്നായിരുന്നു. അശ്വിനും ജഡേജയും പരാജയപ്പെട്ടിടത്താണ് കുല്‍ദീപ് ഓസീസിനെ വട്ടം കറക്കിയത്.

എന്താണ് ഈ ചൈനാമാന്‍ ?

Kuldeep Yadav spins Australia into troubleവലം കൈയന്‍ ബാറ്റ്സ്മാന് ഇടം കൈയന്‍ സ്പിന്നര്‍ എറിയുന്ന പന്ത് സ്വാഭാവികമായും പിച്ച് ചെയ്ത് പുറത്തേക്കാണ് പോവുക. എന്നാല്‍ ചൈനാമാന്‍ സ്പിന്നര്‍ക്ക് പന്ത് പുറത്തേക്ക് തിരിക്കുന്നതിനൊപ്പം വലംകൈയന്‍ ബാറ്റ്സ്മാന്റെ ഓഫ് സൈഡില്‍ നിന്ന് ലെഗ് സൈഡിലേക്കും ഒരുപോലെ തിരിക്കാനാവും. 1933ല്‍ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിനിടെ വിന്‍ഡീസിന്റെ ഇടംകൈയന്‍ സ്പിന്നറായിരുന്ന എല്ലിസ് അച്ചോംഗാണ് ആദ്യമായി ഇത്തരത്തില്‍ പന്തെറിഞ്ഞത്. അച്ചോംഗിന്റെ പന്തിന്റെ ഗതിയറിയാതെ കയറി കളിച്ച ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ വാള്‍ട്ടര്‍ റോബിന്‍സിനെ കീപ്പര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ചൈനീസ് വംശജനായിരുന്നു അച്ചോംഗ്. പുറത്തായശേഷം പവലിയനില്‍ തിരിച്ചെത്തിയ വാള്‍ട്ടര്‍ റോബിന്‍സ് പറഞ്ഞു, 'ഒരു വൃത്തിക്കെട്ട ചൈനക്കാരന്റെ പന്താണ് എന്റെ വിക്കറ്റെടുത്തത്'. അരിശത്തോടെ റോബിന്‍സ് പറഞ്ഞ ഈ വാക്കുകളാണ് പിന്നീട് ഇത്തരത്തില്‍ പന്തെറിയുന്നവര്‍ക്ക് ചൈനാമാന്‍ സ്പിന്നറെന്ന പേര് വരാന്‍ കാരണം.

ഇന്ത്യയുടെ ഒരേയൊരു ചൈനാമാന്‍; പേസ് ബൗളറായി തുടക്കം

കാണ്‍പൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേരുമ്പോള്‍ പേസ് ബൗളറായിരുന്നു കുല്‍ദീപ്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ആവശ്യപ്പെട്ട അവിടുത്തെ പരിശീലകനായ കപില്‍ പാണ്ഡെയാണ് കുല്‍ദീപിന്റെ കരിയര്‍ വഴിതിരിച്ചുവിട്ടത്. ചൈനാമാന്‍ പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടതും കപില്‍ പാണ്ഡെ ആയിരുന്നു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. പന്ത് സ്പിന്‍ ചെയ്യിക്കാന്‍ പറ്റാതെ താന്‍ പലപ്പോഴും കരഞ്ഞുപോയിട്ടുണ്ടെന്ന് കുല്‍ദീപ് പറഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി പുറത്തെടുത്ത അത്ഭുത ബൗളിംഗിലൂടെയാണ് ഇന്ത്യയുടെ ഒരേയൊരു ചൈനാമാനായ കുല്‍ദീപ് യാദവ് ശ്രദ്ധേയനാകുന്നത്.

മുംബൈ ഇന്ത്യന്‍സ് ടീമിലൂണ്ടായിരുന്നെങ്കിലും 2014 സെപ്റ്റംബര്‍ 21ന് കൊല്‍ക്കത്തയ്ക്ക് വേണ്ടിയായിരുന്നു കുല്‍ദീപിന്റെ അരങ്ങേറ്റം. അധികം വൈകാതെ ദുബായില്‍ നടന്ന 2014ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുമെത്തി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വിക്കറ്റൊന്നും വീഴ്‌ത്താന്‍ കഴിയാതിരുന്ന കുല്‍ദീപ് അടുത്ത മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ ഹാട്രിക്ക് നേടി വരവറിയിച്ചു. 14 വിക്കറ്റുമായി ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനാവാനും കുല്‍ദീപിനായി.

സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി തുടക്കം

സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കിയതായിരുന്നു കുല്‍ദീപിന്റെ കരിയറിലെ വഴിത്തിരിവ്. 2012ല്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപിലെത്തിയ കുല്‍ദീപ് നെറ്റ്സില്‍ സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി. താന്‍ ചൈനാമാനാണെന്ന് സച്ചിന് അറിയില്ലായിരുന്നുവെന്ന് കുല്‍ദീപ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ സച്ചിനെ നെറ്റ്സില്‍ വീഴ്‌ത്തിയിട്ടും കുല്‍ദീപിന് താരസമ്പന്നമായ മുംബൈയുടെ അന്തിമ ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ടുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയിലെത്തിയ കുല്‍ദീപിന് സുനില്‍ നരെയ്ന്റെ നിഴലില്‍ ഒതുങ്ങേണ്ടിവന്നു.

2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കുല്‍ദീപ് അരങ്ങേറി. ടെസ്റ്റ് അരങ്ങേറ്റത്തിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലിടം നേടിയെങ്കിലും പൂനെയിലെ സ്പിന്‍ പിച്ചില്‍ ടീം മാനേജ്മെന്റ് ജയന്ത് യാദവിന് അവസരം നല്‍കി. പൂനെയിലെ ബാറ്റിംഗ് തകര്‍ച്ചയെ തുടര്‍ന്ന് ഏഴ് ബാറ്റ്സ്മാന്‍മാരെന്ന പഴയ ഫോര്‍മുലയിലേക്ക് ടീം മാറിയപ്പോള്‍ കുല്‍ദീപ് ഇത്തവണയും കരയ്ക്കിരുന്ന് കളി കാണേണ്ടിവരുമെന്ന് കരുതിയവരാണധികവും. എന്നാല്‍ കോലിയുടെ പരിക്ക് കുല്‍ദീപിന് അനുഗ്രഹമായി.27 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37 വിക്കറ്റെടുത്തിട്ടുള്ള കുല്‍ദീപ് 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 81 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios