ബാറ്റ്‌സ്‌മാന്‍മാരുടെയും ബാറ്റിങ് റെക്കോര്‍ഡ‍ുകളുടെയും പറുദീസയാണ് മുംബൈ. അത് സച്ചിന്‍-കാംബ്ലി മുതല്‍ തുടങ്ങിയതാണ്. ഇപ്പോഴിതാ, രുദ്ര ധന്‍ഡേ എന്ന പത്തൊമ്പതുകാരന്‍ പയ്യനാണ് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. മുംബൈ സര്‍വ്വകലാശാലയിലെ അന്തര്‍-കൊളീജിയേറ്റ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 67 പന്തില്‍നിന്നാണ് രുദ്ര ഇരട്ടസെഞ്ച്വറി നേടിയത്. കഴിഞ്ഞ സീസണില്‍ മുംബൈ അണ്ടര്‍-19 ടീമിലേക്ക് പരിഗണിക്കാതെ സെലക്‌ടര്‍മാര്‍ തഴഞ്ഞ കളിക്കാരനാണ് രുദ്ര. റിസ്‌വി കോളേജിനുവേണ്ടി പാഡുകെട്ടിയ രുദ്ര ധന്‍ഡേ പി ഡാല്‍മിയ കോളേജിനെതിരെയാണ് 200 റണ‍്സെടുത്തത്. 21 ബൗണ്ടറികളും 15 പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു. 39 പന്തിലാണ് രുദ്ര സെഞ്ച്വറി തികച്ചത്. രുദ്രയുടെ ഇരട്ടസെഞ്ച്വറിയുടെ മികവില്‍ റിസ്‌വി കോളേജ് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 322 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗില്‍ പി ഡാല്‍മിയ കോളേജിനെ 10.2 ഓവറില്‍ 75 റണ‍്സിന് പുറത്താക്കി. 247 റണ്‍സിന്റെ വമ്പന്‍ ജയമാണ് റിസ്‌വി കോളേജ് സ്വന്തമാക്കിയത്.