സ്റ്റോക്സ് പറത്തിയ സിക്സ് ആരാധകന് സമ്മാനിച്ചത് 24 ലക്ഷം രൂപ

ബേ ഓവര്‍: ന്യൂസീലാന്‍ഡിനെതിരായ രണ്ടാം ഏകദിനം ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സായിരുന്നു വിജയശില്‍പി. എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും 74 പന്തില്‍ 63 റണ്‍സുമെടുത്ത സ്റ്റോക്സാണ് കളിയിലെ താരം. ഏഴ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ബെന്‍ സ്റ്റോക്‌സ് 11-ാം ഏകദിന അര്‍ദ്ധ സെഞ്ചുറി നേടിയത്. സ്റ്റോക്സ് പറത്തിയ സിക്സാവട്ടെ ന്യൂസീലന്‍ഡ് ആരാധകന് സമ്മാനിച്ചത് 24 ലക്ഷം രൂപയാണ്.

മീഡിയം പേസര്‍ ടിം സൗത്തിയെറിഞ്ഞ 36-ാം ഓവറിലായിരുന്നു സ്റ്റോക്സിന്‍റെ തകര്‍പ്പന്‍ സിക്സര്‍. ഉയര്‍ന്നുപൊങ്ങി ഗാലറിയില്‍ വീണ പന്ത് ന്യൂസീലന്‍ഡ് ആരാധകന് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ 24 ലക്ഷം രൂപയുടെ പ്രേത്സാഹന സമ്മാനത്തിന് ആരാധകന്‍ അര്‍ഹനായി. ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റിനിടെ റോസ് ടെയ്ലറിന്‍റെ ക്യാച്ചെടുത്ത 20 വയസുകാരന് സമാന രീതിയില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് 49.4 ഓവറില്‍ 223 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 37.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു.