ബാഴ്സലോണ: നെയ്മറും മുന്‍ ക്ലബ്ബ് ബാഴ്‌സലോണയും തമ്മിലെ പോര് പുതിയ തലത്തിലേക്ക്. ബാഴ്‌സലോണയെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കണമെന്ന് നെയ്മര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നെയ്മറുടെ അഭിഭാഷകര്‍ യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയ്‌ക്ക് കത്ത് നല്‍കി.തനിക്ക് ബോണസായി ലഭിക്കേണ്ട 26 ദശലക്ഷം യൂറോ നല്‍കാതെ ബാഴ്‌സ കരാര്‍ലംഘനം നടത്തിയെന്ന് നെയ്മര്‍ കുറ്റപ്പെടുത്തി.

നെയ്മറുടെ കത്തിനെക്കുറിച്ച് യുവേഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. 222 ദശലക്ഷം യൂറോയുടെ റെക്കോര്‍ഡ് പ്രതിഫലത്തിന് ഓഗസ്റ്റിലാണ് നെയ്മര്‍ ബാഴ്‌സയിലെത്തിയത്. 2016ല്‍ ബാഴ്‌സയുമായി അഞ്ചു വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെ പിഎസ്ജിയിലേക്ക് മാറിയതാണ് തര്‍ക്കത്തിന് കാരണം.

കരാര്‍ പുതുക്കിയ സമയത്ത് നല്‍കിയ ബോണസ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നെയ്മര്‍ക്കെതിരെ ബാഴ്‌സ നല്‍കിയ പരാതിയും യുവേഫയുടെ പരിഗണനയിലാണ്. 8.5 മില്യണ്‍ പൗണ്ടും 10 ശതമാനം പലിശയും ചേര്‍ത്തുള്ള തുക തിരികെ നല്‍കണമെന്നാണ് ബാഴ്സയുടെ ആവശ്യം.