സാവോപോള: നെയ്മറാണ് ലോകത്തെ മികച്ച താരമെന്ന് ബ്രസീലിയന്‍ ഗോളി ജൂലിയോ സീസര്‍. എന്നാല്‍ ലിയോണല്‍ മെസിയെക്കുറിച്ച് സീസര്‍ പറഞ്ഞതാണ് ആരാധകരെ ശരിക്കും ഞെട്ടിച്ചത്. മെസി മറ്റൊരു പ്രപഞ്ചത്തുനിന്നു വന്നതാണെന്നാണ് സീസറിന്‍റെ അഭിപ്രായം. അതിനാല്‍ മെസിക്ക് പകരംവെക്കാന്‍ താരമില്ലെന്നും ജൂലിയോ സീസര്‍ പറഞ്ഞു. 

പിഎസ്ജിയിലേക്ക് 222 മില്യണ്‍ യൂറോക്ക് ചേക്കേറിയ നെയ്‌മര്‍ ഈ വര്‍ഷം ഇരുവരെയും മറികടന്ന് മികച്ച താരമാകും. ബ്രസീലില്‍ ഒപ്പം കളിക്കുന്നത് സന്തോഷം നല്‍കുന്നുവെന്നും നെയ്‌മര്‍ മികച്ച പുരുഷ താരമാകട്ടെയെന്നും സീസര്‍ ആശംസിച്ചു. ഇത്തവണത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാര പട്ടികയില്‍ റൊണാള്‍ഡോയ്ക്കും മെസിക്കും പിന്നില്‍ മൂന്നാമതായിരുന്നു നെയ്‌മര്‍. 

മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ബ്രസീലിയന്‍ യുവ ഗോളി എഡേര്‍സണെയും സീസര്‍ അഭിനന്ദിച്ചു. ബെന്‍ഫിക്കയില്‍ സഹതാരമായിരുന്ന 24കാരനായ എഡേര്‍സണ്‍ മികച്ച താരമാണെന്നും സീസര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പ് കളിക്കാന്‍ എഡേര്‍സണ്‍ പൂര്‍ണ്ണ സജ്ജനാണെന്നും ബ്രസീലിന്‍റെ സീനിയര്‍ ഗോളി പറഞ്ഞു.