ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തപ്പോള്‍ സ്കോട്‌ലന്‍ഡ് 40 ഓവറില്‍ 155 റണ്‍സിന് ഓള്‍ ഔട്ടായി.

മസ്കറ്റ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ നാണംകെട്ട തോല്‍വിക്ക് സ്കോട്‌ലന്‍ഡിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഒമാന്‍. ആദ്യ ഏകദിനത്തില്‍ 24 റണ്‍സിന് പുറത്തായി നാണക്കേടിന്റെ റെക്കോര്‍ഡിട്ട ഒമാന്‍ രണ്ടാം മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ സ്വന്തമാക്കിയത് 93 റണ്‍സിന്റെ ഉജ്ജ്വല വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തപ്പോള്‍ സ്കോട്‌ലന്‍ഡ് 40 ഓവറില്‍ 155 റണ്‍സിന് ഓള്‍ ഔട്ടായി.

അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് നദീം(64), ക്യാപ്റ്റന്‍ ഖവര്‍ അലി(44), ഓപ്പണര്‍ ജതീന്ദര്‍ സിംഗ്(30) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഒമാന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. സ്കോട്‌ലന്‍ഡിനായി സഫിയാന്‍ ഷെരീഫ് മൂന്ന് വിക്കറ്റെടുത്തു. ആദ്യ മത്സരത്തിലേതുപോലെ അനായാസ ജയം പ്രതീക്ഷിച്ച് ക്രീസിലിറങ്ങിയ സ്കോട്‌ലന്‍ഡിനെ ഞെട്ടിച്ചാണ് ഒമാന്‍ തുടങ്ങിയത്.

സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സെത്തിയപ്പോഴേക്കും സ്കോട്‌ലന്‍ഡിന്റെ രണ്ടു വിക്കറ്റുകളും വീഴ്ത്തിയ ഒമാന്‍ ഒരുഘട്ടത്തിലും എതിരാളികളെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 37 റണ്‍സുത്ത റിച്ചി ബെറിംഗ്ടണും 34 റണ്‍സെടുത്ത ജോര്‍ജ് മുന്‍സേയും 36 റണ്‍സെടുത്ത മാര്‍ക്ക് വാറ്റും മാത്രമെ ഒമാന്‍ ആക്രമണത്തെ പ്രതിരോധിച്ചുള്ളു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മുഹമ്മദ് നദീമും ബാദല്‍ സിംഗുമാണ് സ്കോട്‌ലന്‍ഡിനെ എറിഞ്ഞിട്ടത്. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച നടക്കും.