ദുബായ്: പാക്കിസ്ഥാന്റെ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ലോകറെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 200 വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടമാണ് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഷാ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ വില്‍ സോമര്‍വില്ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് യാസിര്‍ ഷാ  ലോകറെക്കോര്‍ഡിലെത്തിയത്. കരിയറിലെ 33-ാം ടെസ്റ്റിലാണ് 32കാരനായ ഷാ 200 വിക്കറ്റ് നേട്ടം തികച്ചത്.

82 വര്‍ഷം മുമ്പ് 1936ല്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മറ്റ് 36 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ് പൂര്‍ത്തിയാക്കിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ 37 ടെസ്റ്റില്‍ നിന്ന് 200  വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ യാസിര്‍ ഇതുവരെ 27 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതില്‍ രണ്ടാം ടെസ്റ്റില്‍ മാത്രം നേടിയ 14 വിക്കറ്റുകളും ഉള്‍പ്പെടുന്നു.

മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ മൂന്ന് മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പാക് ബൗളറെന്ന അബ്ദുള്‍ ഖാദിറിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും യാസിറിനാവും. 17 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച യാസിര്‍ ഷാ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറായിരുന്നു.16 ടെസ്റ്റില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ലോഹ്മാന്റെ പേരിലാണ് അതിവേഗം 100 വിക്കറ്റ് തികച്ചതിന്റെ റെക്കോര്‍ഡ്.അശ്വിന്‍ 18 ടെസ്റ്റില്‍ നിന്ന് 100 വിക്കറ്റ് നേടത്തിലെത്തിയിരുന്നു.