സിഡ്‌നി: ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാക്കാന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തി ഒസീസ് പേസ് ബൗളര്‍ ജെയിംസ് പാത്തിന്‍സണ്‍. ടെസ്റ്റ് ക്രിക്കറ്റിലേക്ക് അനവസരത്തിലുളള മടങ്ങിവരവ് തന്നെ പരിക്കിന്‍റെ പിടിയിലാക്കിയേക്കാമെന്നും അത് തന്‍റെ ക്രിക്കറ്റ് ജീവിതത്തിന് തിരിച്ചടിയായേക്കുമെന്നതാണ് പാത്തേഴ്‌സണെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഈ 26കരാന്‍ ഇതിനകം നാല് തവണയാണ് പരിക്കിന് കീഴടങ്ങിയത്. അതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരും മുമ്പ് ഷെഫില്‍ഡ് ഷീല്‍ഡ് മാച്ച് കളിക്കണമെന്ന് പാത്തിന്‍സണ്‍ സെലക്ടര്‍മാരോട് പറയുകയായിരുന്നു. 'ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് സെലക്ടര്‍മാരോട് എനിക്ക് കളിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു, ഷെഫില്‍ഡ് സീസണില്‍ കളിച്ച് എനിക്ക് ആത്മവിശ്വാസം വീണ്ടെടുക്കണമായിരുന്നു' പാത്തിന്‍സണ്‍ പറഞ്ഞു.

ടെസ്റ്റില്‍ 17 മത്സരങ്ങള്‍ ഇതിനോടകം കളിച്ചിട്ടുളള പത്തേഴ്‌സണ്‍ 26.15 ശരാശരിയില്‍ 70 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എട്ടിന് 105 ആണ് ഇദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഏകദിനത്തില്‍ 15 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റും ടി20യില്‍ നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.