ക്വാർട്ടറിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്‍ജി സെമി ഉറപ്പിച്ചത്

ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പിലെ ആവശേകരമായ ക്വാര്‍ട്ടര്‍ മത്സരങ്ങളിലെ തകര്‍പ്പൻ ജയവുമായി പിഎസ്‍ജിയും റയൽ മാഡ്രിഡും സെമിയിൽ പ്രവേശിച്ചു. സെമി ഫൈനലിൽ റയൽ മാഡ്രിഡും പിഎസ്ജി തമ്മിൽ ഏറ്റുമുട്ടും. ക്വാർട്ടറിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്‍ജി സെമി ഉറപ്പിച്ചത്. ക്ലബ് ലോകകപ്പിലെ ആദ്യ സെമിയിൽ ചെൽസിയും ബ്രസീലിയൻ ക്ലബ് ഫ്‌ലൂമിനന്‍സും ഏറ്റുമുട്ടും. ബുധനാഴ്ച്ച പുലര്‍ച്ചെ 12.30നാണ് മത്സരം.

റയൽ മാ‍ഡ്രിഡും പിഎസ്‍ജിയും തമ്മിലുള്ള രണ്ടാം സെമി വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് നടക്കും. ന്യൂയോര്‍ക്കിലെ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് രണ്ടു സെമി ഫൈനലുകളും നടക്കുന്നത്. ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ടാം പകുതിയിൽ ഡെസിറെയും ഡെംബലയുമാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്.

 അവസാന മിനുട്ടുകളിൽ പിഎസ്ജിയുടെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിനിടെ ബയേണിന്‍റെ സൂപ്പർ താരം ജമാൽ മുസിയാലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിഎസ്ജിയുടെ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചാണ് താരത്തിന് മൈതാനം വിടേണ്ടി വന്നത്.രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് ജര്‍മൻ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തറപ്പറ്റിച്ചത്.