ചണ്ഡീഗഡ്: ഐപിഎൽ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബ് പേരുമാറ്റത്തിന് ഒരുങ്ങുന്നതായി സൂചന. പുതിയ പേര് സ്വീകരിക്കാന്‍ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് അപേക്ഷ നൽകിയതായി പഞ്ചാബ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഹോം ഗ്രൗണ്ട് മൊഹാലിയിൽ നിന്ന് മാറ്റുമ്പോള്‍ പുതിയ പേര് സ്വീകരിക്കാനാണ് ആലോചന. രാജസ്ഥാന്‍ റോയല്‍സും പേര് മാറ്റാന്‍ ആലോചിക്കുന്നതായി സൂചനയുണ്ട്.
നേരത്തെ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ ടീം ഉടമകള്‍ മാറിയപ്പോള്‍ സൺറൈസേഴ്സ് ഹൈദരാബാദ് എന്ന പേര് സ്വീകരിച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ആവേശപൂര്‍വമാണ് ഇരുടീമുകളും ലേലത്തില്‍ പങ്കെടുത്തത്.
ആദ്യ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായി ഞെട്ടിച്ച രാജസ്ഥാന് പിന്നീടൊരു കീരീടം ഇതുവരെ നേടാനായിട്ടില്ല. പഞ്ചാബിനാകട്ടെ ഇതുവരെ കിരീടത്തില്‍ തൊടാനും കഴിഞ്ഞിട്ടില്ല. എന്തായാലും പേരു മാറ്റുന്നതോടെ പേരുദോഷവും മാറുമോ എന്നാണ് ഇരു ടീമുകളുടെയും ആരാധകര്‍ ഉറ്റുനോക്കുന്നത്.
