ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ ബൗളിംഗ്‌ പ്രകടനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ നോ ബോള്‍ എറിയുന്നതിന്റെ പേരിലാണ്‌. 2021 ന്‌ ശേഷം രവീന്ദ്ര ജഡേജ എറിഞ്ഞത്‌ ഒന്നും രണ്ടും നോബോളല്ല, 88 എണ്ണം!

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ബൗളര്‍മാരുടെ അച്ചടക്കം തിരിച്ചറിയാനുള്ള മാനദണ്ഡം, അവരെത്ര നോ ബോളുകളും വൈഡുകളും എറിയുന്നുവെന്നതിന്റെ കണക്കുകളാണ്‌. ഫാസ്റ്റ്‌ ബൗളര്‍മാരാണ്‌ പൊതുവെ നോ ബോള്‍ എറിയുന്നതില്‍ മുന്നിലുണ്ടാവുക. അതിവേഗതയില്‍ പന്തെറിയാനുള്ള ശ്രമത്തില്‍, ഓവര്‍സ്‌റ്റെപ്‌ ചെയ്‌തു പോകുന്നത്‌ സ്വാഭാവിക കാഴ്‌ചയാണ്‌. എന്നാല്‍, സ്‌പിന്നര്‍മാര്‍ തുടരെ ഓവര്‍സ്‌റ്റെപ്‌ ചെയ്‌ത്‌ നോബോള്‍ വീഴ്‌ച വരുത്തുന്നതില്‍ അസ്വാഭാവികത നിഴലിക്കും. ഫിറ്റ്‌നെസും പരിശീലനവും അച്ചടക്കവും ഒന്നുമില്ലാതെയാണോ രവീന്ദ്ര ജഡേജ ഇന്ത്യന്‍ടീമില്‍ തുടരുന്നത്‌ എന്ന്‌ ക്രിക്കറ്റ്‌ ആരാധകര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ ബൗളിംഗ്‌ പ്രകടനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ നോ ബോള്‍ എറിയുന്നതിന്റെ പേരിലാണ്‌. 2021 ന്‌ ശേഷം രവീന്ദ്ര ജഡേജ എറിഞ്ഞത്‌ ഒന്നും രണ്ടും നോബോളല്ല, 88 എണ്ണം! ഈ കാലയളവില്‍ നോബോള്‍ എറിഞ്ഞവരില്‍ ജഡേജക്ക്‌ പിറകിലുള്ളവരൊക്കെ ഏറെ പിറകിലാണ്‌! പാക്കിസ്ഥാന്റെ നോമന്‍ അലി (40), ശ്രീലങ്കയുടെ ലസിത്‌ എംബുള്‍ഡെനിയ (33), ഇംഗ്ലണ്ടിന്റെ ജാക്‌ ലീച്‌ (19) എന്നിവര്‍.

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ജഡേജ മൂന്ന്‌ നോബോളുകള്‍ എറിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ ഒരെണ്ണം കൂടി എറിഞ്ഞു, നോ-ബോള്‍. 2020 ഇംഗ്ലണ്ട്‌-പാക്കിസ്ഥാന്‍ ടെസ്റ്റ്‌ പരമ്പര മുതല്‍ ടെലിവിഷന്‍ അമ്പയര്‍മാരാണ്‌ നോ-ബോള്‍സ്‌ വിളിക്കുന്നത്‌. ആ മാറ്റത്തിന്‌ ശേഷം രവീന്ദ്ര ജഡേജയേക്കാള്‍ കൂടുതല്‍ നോ ബോള്‍ എറിഞ്ഞവര്‍ കഗിസോ റബാഡ, ബെന്‍സ്‌റ്റോക്‌സ്‌, ജസ്‌പ്രീത്‌ ബുമ്‌റ എന്നിവരാണ്‌. ജഡേജയുടെ നോ ബോള്‍ കാലഘട്ടത്തെ രണ്ടായി വിഭജിക്കാം. 2012 ടെസ്‌റ്റ്‌ അരങ്ങേറ്റക്കാലം മുതല്‍ 2020 ടെലിവിഷന്‍ അമ്പയര്‍മാര്‍ നോ ബോള്‍ വിളിക്കുന്ന കാലഘട്ടം വരെ ആദ്യത്തേത്‌. അതില്‍ പതിനെട്ട്‌ നോ ബോളുകള്‍ മാത്രമാണ്‌ ജഡേജ എറിഞ്ഞത്‌. അതിന്‌ ശേഷമുള്ള കാലഘട്ടത്തില്‍ 89 നോ ബോളുകള്‍.

ഇത്‌ ഇന്ത്യന്‍ ടീമിന്‌ ചെറിയ രീതിയിലല്ല തലവേദനയാകുന്നത്‌. ശ്രീലങ്കക്കെതിരെ ഗാലെയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ രണ്ടിന്നിംഗ്‌സിലും രണ്ട്‌ വീതും നോ ബോളുകള്‍ ജഡേജ എറിഞ്ഞു. അതിലൊന്ന്‌ വിക്കറ്റായിരുന്നു. ധനഞ്‌ജയ ഡി സില്‍വ എഡ്‌ജ്‌ ആയി സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തി. പക്ഷേ, നോ ബോള്‍ ആയതോടെ ശ്രീലങ്കന്‍ ക്യാപ്‌റ്റന്‌ ലൈഫ്‌ കിട്ടി.