ബ്രസീലുമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കബോ വെര്‍ദെയുമായി ഇനിയും ധാരണയിലെത്തിയിട്ടില്ല. വാണിജ്യപരമായ കാര്യങ്ങളില്‍ വ്യക്തമായ ധാരണയിലെത്താന്‍ ഇരുരാജ്യത്തിന്റെയും ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്‌ബോളില്‍ ഏവരുടെയും മനം കീഴടക്കിയ ടീമാണ് കബോ വെര്‍ദെ. സെപ്‌തംബര്‍-ഒക്ടോബര്‍ ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ആഫ്രിക്കന്‍ ടീമുമായി ഇന്ത്യന്‍ ടീം സൗഹൃദമത്സരം കളിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആ മത്സരത്തിനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലുമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കബോ വെര്‍ദെയുമായി ഇനിയും ധാരണയിലെത്തിയിട്ടില്ല. വാണിജ്യപരമായ കാര്യങ്ങളില്‍ വ്യക്തമായ ധാരണയിലെത്താന്‍ ഇരുരാജ്യത്തിന്റെയും ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അതേസമയം, ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയുടെ ഭാഗമായി സെപ്‌തംബര്‍ 26ന് പനാമയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൊവ്വാഴ്‌ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. മത്സരവേദിയും സമയവും പിന്നീട് അറിയിക്കുമെന്നാണ് എ ഐ എഫ് എഫ് അറിയിച്ചത്. ഫിഫ റാങ്കിംഗില്‍ 44 താം സ്ഥാനത്തുള്ള പാനമക്കെതിരായ മത്സരം ബ്രസീലിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് നല്ല തയ്യാറെടുപ്പായി മാറും. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് ഇന്ത്യ-ബ്രസീല്‍ പോരാട്ടം. നവംബറില്‍ ന്യൂസിലാന്‍ഡുമായും ഇന്ത്യ കളിക്കുന്നുണ്ട്. നവംബര്‍ 12,15 തീയതികളിലാണ് മത്സരം.
