കേരളത്തിന്റെ ആദ്യ ഒളിംപിക്സ് മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറിക്കിന്റെ വിയോഗം ഓർമ്മിപ്പിക്കുന്നത് പി ആർ ശ്രീജേഷുമൊത്തുള്ള അവിസ്മരണീയമായ ഒരു നിമിഷമാണ്. 1972-ലെ മ്യൂണിക് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ഫ്രെഡറിക്.  

തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ട രണ്ടു വെങ്കല മെഡലുകള്‍ അഭിമാനത്തോടെ അവരൊരുമിച്ച് ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യന്‍ ഹോക്കിടീമിന്റെ വിശ്വസ്ഥ ഗോള്‍വലകാവല്‍ക്കാരായ മാനുവല്‍ ഫ്രെഡറിക്കും പി ആര്‍ ശ്രീജേഷും. കേരളത്തിന്റെ ആദ്യ ഒളിംപിക്സ് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രെഡറിക് വിടവാങ്ങുമ്പോള്‍ ഓര്‍മ്മയിലേക്ക് വരുന്നത് ഈ ദൃശ്യമാണ്. 2020ലെ ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ പി.ആര്‍. ശ്രീജേഷിന് യുഎഇ അസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്നേഹ സമ്മാനം നല്‍കുന്ന ചടങ്ങാണ് കേരളത്തില്‍ ഒളിമ്പിക് മെഡലെത്തിച്ച രണ്ട് മഹാരഥന്മാരെ ഒരേ വേദിയിലെത്തിച്ചത്.

കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിമ്പിക് മെഡല്‍ എത്തുന്നത് 1972 ലാണ്. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു മാനുവല്‍ ഫ്രെഡറിക്. 48 വര്‍ഷത്തിനു ശേഷം മറ്റൊരു മലയാളി അതേ നേട്ടം കരസ്ഥമാക്കിയത് 2021ല്‍ പി.ആര്‍.ശ്രീജേഷിലൂടെയാണ്. അന്ന് ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് പ്രഖ്യാപിച്ച സ്നേഹ സമ്മാനം നല്‍കാന്‍ തെരഞ്ഞെടുത്തത് മാനുവല്‍ ഫ്രെഡറിക്കിനെയായിരുന്നു. ഏറ്റവും അനുയോജ്യമായ കൈകളില്‍ നിന്നാണ് താന്‍ സമ്മാനം ഏറ്റുവാങ്ങിയത് എന്നായിരുന്നു അന്നത്തെ മറുപടി പ്രസംഗത്തില്‍ ശ്രീജേഷ് പറഞ്ഞത്. അത് തീര്‍ത്തും ശരിയാണ്. ആ സമ്മാനം നല്‍കാന്‍ മാനുവല്‍ ഫ്രെഡറിക്കിനേക്കാള്‍ അനുയോജ്യനായ മറ്റൊരു വ്യക്തിയില്ല എന്നു തന്നെ പറയാം.

ചടങ്ങിനൊടുവില്‍ 48 വര്‍ഷത്തെ ദൂരത്തില്‍ കേരളത്തിലെത്തിയ രണ്ട് ഒളിമ്പിക്സ് ഹോക്കി മെഡലുകള്‍ ചേര്‍ത്തുപിടിച്ച് ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും ഫോട്ടയ്ക്ക് പോസ് ചെയ്തു. കേരള കായിക ചരിത്രത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള, ഭാവി കായിക താരങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്ന ഒരു മുഹൂര്‍ത്തമായിരുന്നു അത്. 2024ലെ ഒളിംപിക്സില്‍ ശ്രീജേഷിന്റെ കരുത്തില്‍ ഇന്ത്യ നേട്ടം ആവര്‍ത്തിക്കുമെന്ന് അന്നത്തെ മറുപടി പ്രസംഗത്തില്‍ മാനുവല്‍ ഫ്രെഡറിക് പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചിരുന്നു. ഹോക്കിയുടെ ആത്മാവ് തൊട്ടറിഞ്ഞ ആ മാന്ത്രികന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം 2024ലെ പാരിസ് ഒളിംപിക്സില്‍ വെങ്കല നേട്ടം ആവര്‍ത്തിച്ചു.

അന്നത്തെ ചടങ്ങില്‍ വളരെ അപ്രതീക്ഷിതമായാണ് ഡോ. ഷംഷീര്‍ വയലില്‍ മാനുവല്‍ ഫ്രെഡറിക്കിന് 10 ലക്ഷം രൂപ സ്നേഹ സമ്മാനം പ്രഖ്യാപിച്ചത്. ഏറെ വികാരാധീനനായി പി.ആര്‍. ശ്രീജേഷില്‍ നിന്ന് അദ്ദേഹം സമ്മാനം ഏറ്റുവാങ്ങി.

YouTube video player