മാഡ്രിഡ്: സ്‌പാനിഷ് ലീഗില്‍ കിരീടത്തിനരികെ റയല്‍ മാഡ്രിഡ്. നിര്‍ണ്ണായക മത്സരത്തില്‍ സെല്‍റ്റയെ ഒന്നിനരികെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. 2012 ന് ശേഷം ലാലിഗ കിരീടം സാന്‍റിയാഗോ ബെര്‍ണബോവില്‍ എത്തിക്കാന്‍ റയലിന് ഇനി ഒരു സമനില മാത്രം മതി.

സെല്‍റ്റയെ തകര്‍ത്തെറിഞ്ഞ സിദ്ദാനും സംഘത്തിനും ലീഗില്‍ നിര്‍ണ്ണായക മേല്‍ക്കൈ. പത്താം മിനിറ്റില്‍ സൂപ്പര്‍താരം റൊണാള്‍‍ഡോയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പ്രമുഖ യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്കോററെന്ന ജിമ്മി ഗ്രീവ്സിന്‍റെ റെക്കോര്‍ഡും ഈ ഗോളിലൂടെ റോണോ പഴങ്കഥയാക്കി. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റ് പിന്നിട്ടപ്പോള്‍ വീണ്ടും റൊണാള്‍ഡോ. 69ആം മിനിറ്റില്‍ സെല്‍റ്റ ഒരു ഗോള്‍ മടക്കി.

പിന്നെ ബെന്‍സേമയും ,ക്രൂസും കൂടി ലക്ഷ്യം കണ്ടപ്പോള്‍ റയലിന് ആധികാരിക ജയം. 37 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ റയലിന് 90 ബാഴ്‌സക്ക് 87 പോയിന്‍റുമാണുള്ളത്. സീസണിന് തിരശീല വീഴുന്ന ഞായറാഴ്ച റയല്‍ മലാഗയേയും, ബാഴ്‌സ ഐബറിനേയും നേരിടും. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അവസാന ചിരി സിദാനും കുട്ടികള്‍ക്കുമൊപ്പമാകും.