മുംബൈ: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്ത പാക്കിസ്ഥാനെ കളിയാക്കിക്കൊണ്ട് പുറത്തിയറങ്ങി മോക്കാ മോക്കാ പരസ്യ പരമ്പരയ്ക്കുശേഷം പാക്കിസ്ഥാന് പണികൊടുക്കുന്ന പുതിയ പരസ്യം പുറത്തിറങ്ങി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനു മുന്നോയടിയായണ് സബ്സെ ബഡാ മോഹ് എന്ന പേരില്‍ സ്റ്റാര്‍ സ്പോര്‍ട്സ് പുതിയ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്.
എല്ലാ മോഹങ്ങളും സമ്പത്തും ഉപേക്ഷിച്ച് ബുദ്ധസന്യാസിയാവാനൊരുങ്ങുന്ന യുവവ്യവസായി തലമുണ്ഡനം ചെയ്യാനിരിക്കുമ്പോള്‍ അടുത്തിരിക്കുന്ന പത്രത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ പരസ്യം കാണുന്നതും മോഹങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ഇറങ്ങിപ്പോരുന്നതുമാണ് പരസ്യത്തിന്റെ ആശയം.
ലോകകപ്പ് സമയത്ത് ആദ്യം ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിനുവേണ്ടിയും പിന്നീട് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കായും സ്റ്റാര്‍ സ്പോര്‍ട്സ് തയാറാക്കിയ മോക്കാ...മോക്കാ പരസ്യം വലിയ ഹിറ്റായിരുന്നു. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തോടെ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം.
