കിംബെര്‍ലി: ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയെ ഇന്ത്യന്‍ വനിതാ ടീമിനെ അഭിന്ദിച്ച് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടീമിന്‍റെ വിജയശില്‍പിയായ സ്‌മൃതി മന്ദാനയെയും ഏകദിനത്തില്‍ 200 വിക്കറ്റ് തികച്ച പേസര്‍ ജൂലന്‍ ഗോസ്വാമിയെയും സച്ചിന്‍ അഭിനന്ദിച്ചു. ഏകദിനത്തില്‍ വിക്കറ്റ് വേട്ടയില്‍ ഇരട്ട സെഞ്ചുറി തികച്ച ആദ്യ വനിതാ താരമാണ് ജൂലന്‍. 

ലോറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് പിഴുതാണ് ജൂലന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അതേസമയം ദക്ഷിണാഫ്രിക്കയെ 129 പന്തില്‍ 135 റണ്‍സെടുത്ത മന്ദാനയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 178 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 30.5 ഓവറില്‍ 124 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 

നേരത്തെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 88 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ അനായാസം സ്വന്തമാക്കി. രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ലോകകപ്പ് ഹീറോയായ സ്‌മൃതി മന്ദാനയാണ്. ആദ്യ ഏകദിനത്തില്‍ 16 റണ്‍സകലെ മന്ദാനയ്ക്ക് സെഞ്ചുറി നഷ്ടമായിരുന്നു.