റാഞ്ചി: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ എങ്ങനെ ഔട്ടാക്കാം എന്നകാര്യത്തില്‍ ഇന്ത്യക്കാര്‍ ഗവേഷണം തുടങ്ങിയിട്ട് കാലം കുറേയായി. ഇന്ത്യക്കെതിരായ ഓരോ പരമ്പരയിലും സ്മിത്ത് ഒന്നിനൊന്ന് മെച്ചപ്പെടുന്നതേയുള്ളു. പൂനെയിലെ സ്പിന്‍ പിച്ചില്‍ പോലും സ്മിത്ത് ഇന്ത്യക്കെതിരെ സെഞ്ചുറി നേടി തന്റെ ക്ലാസ് തെളിയിക്കുകയും ചെയ്തു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും സ്ഥിതി വ്യത്യസ്തമല്ല. സ്മിത്തിനെ വീഴ്‌ത്താന്‍ വഴി കാണാതിരുന്ന ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കണ്ടെത്തിയ വഴി കണ്ട് ചിരിപൊട്ടി.
കളിക്കാര്‍ മാത്രമല്ല സ്മിത്തിനെ വീഴ്‌ത്തിയിട്ട് സാഹ ക്യാച്ചിനായി അപ്പീല്‍ ചെയ്യുന്നതുകണ്ട് അമ്പയര്‍പോലും ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. കളിയുടെ എണ്‍പതാം ഓവറിലെ മൂന്നാം പന്തിലായിരുന്നു രസകരമായ സംഭവം. 97 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു സ്മിത്ത്. ജഡേജയായിരുന്നു ബൗളര്‍. ജഡേജയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച സ്മിത്തിന് പിഴച്ചു. പന്ത് ടേണ്‍ ചെയ്ത് സ്മിത്തിന്റെ കാലുകള്‍ക്കിടയില്‍ കുടുങ്ങി. പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് കരുതിയ സാഹ വിക്കറ്റിന് പിന്നില്‍ നിന്നെത്തി പന്ത് കൈക്കലാക്കാന്‍ ശ്രമിച്ചു.
എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ സ്മിത്ത് നില്‍ക്കുമ്പോള്‍ സാഹ പന്തെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സ്മിത്ത് മറിഞ്ഞു വീണു. വീണുകിടന്ന സ്മിത്തിന്റെ മകളിലേക്ക് വീണ സാഹ കാലിനിടയില്‍ നിന്ന് പന്ത് കൈയിലെടുത്ത ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും ചിരിക്കിടെ അമ്പയര്‍ ഔട്ട് നിഷേധിച്ചു. സ്മിത്തിനെ വീഴ്‌ത്തിയിട്ടുളള സാഹയുടെ പരാക്രമം കണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും ചിരി അടക്കാനായില്ല. എന്നാല്‍ രണ്ടാം ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തിന്റെ കലിപ്പാണോ എന്നറിയില്ല സ്മിത്തിന്റെ മുഖത്തുമാത്രം കാര്യമായ ചിരി കണ്ടില്ല.
