ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷകരില്‍ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെ ആറു പേര്‍. ഇന്ത്യയുടെ മുന്‍ മാനേജര്‍ ലാല്‍ ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ താരം ഡോഡാ ഗണേഷ്, ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ടോം മൂഡി, ഇംഗ്ലീഷ് താരം റിച്ചാര്‍ഡ് പെബസ് എന്നിവരും നിലവിലെ ഹെഡ് കോച്ചും മുന്‍ താരവുമായ അനില്‍ കുംബ്ലൈയും പുതിയ കോച്ചിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

ജൂണ്‍ 20ന് കുംബ്ലൈയുടെ കരാര്‍ കാലാവധി തീരുന്നതിനെ തുടര്‍ന്നാണ് പുതിയ കോച്ചിനെ തേടി ബിസിസിഐ പരസ്യം നല്‍കിയത്. മേയ് 31 ആയിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന ദിവസം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും നിയമനം. സുതാര്യത ഉറപ്പാക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയിലെ ഒരംഗത്തിന്റെ മേല്‍നോട്ടം മുഴുവന്‍ നടപടികള്‍ക്കുമുണ്ടാവുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.