കൊല്ലം: അഷ്‌ടമുടിയുടെ ഓളപ്പരപ്പിലെ ആവേശങ്ങളെ കീറിമുറിച്ച് കൊല്ലത്തിന്റെ സ്വന്തം സെന്റ് പയസ് ടെന്‍ത് വിജയികളായി. ആറാമത് പ്രസിഡന്റ് ട്രോഫി ജലോല്‍സവത്തില്‍ സെന്റ് പയസ് ടെന്‍ത് ജലരാജാക്കന്‍മാരായി. കൊല്ലം സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ് ആണ് സെന്റ് പയസ് ടെന്‍ത് വള്ളം തുഴഞ്ഞത്. കല്ലട ജലോല്‍സവത്തിലും ഇതേ വള്ളം തന്നെയാണ് വിജയിച്ചത്. അഷ്‌ടമുടിക്കായലില്‍ നടന്ന ആവേശകരമായ ഫൈനലില്‍ നടുഭാഗം ചുണ്ടനെയും മഹാദേവിക്കാട് കാട്ടില്‍തെക്കതിലിനെയും കാരിച്ചാലിനെയും പിന്തള്ളിയാണ് സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെന്‍ത് വിജയികളായത്. കല്ലട മണ്‍റോതുരുത്തില്‍നിന്നുള്ള തുഴച്ചില്‍ക്കാരാണ് സെന്റ് പയസ് ടെന്‍ത് വള്ളത്തില്‍ അണിനിരന്നത്. വിജയികള്‍ക്ക് രാഷ്‌ട്രപതി ഭവന്‍ നല്‍കുന്ന അശോക മുദ്രണമുള്ള ട്രോഫിയും പത്തുലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.

പ്രസിഡന്റ്സ് ട്രോഫി ജലോല്‍സവം നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 16 ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച പ്രസിഡന്റ്സ് ട്രോഫി ജലോല്‍സവത്തില്‍ ലൂസേഴ്‌സ് ഫൈനലില്‍ വെള്ളംകുളങ്ങരയാണ് വിജയിച്ചത്.