കൊളംബോ: ശ്രീലങ്കയെ 5-0ന് വൈറ്റ് വാഷ് ചെയ്ത ടീം ഇന്ത്യക്ക് വ്യത്യസ്തമായ വിജയാഘോഷം. പരമ്പര നേടിയ കോലിപ്പട ട്രോഫികളുമായി ബാറ്ററി വാഹനത്തില്‍ പ്രേമദാസ സ്റ്റേഡിയത്തെ വലംവച്ചു. വാഹന പ്രിയനായ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഡ്രൈവിംഗ് സീറ്റില്‍‍. സ്വന്തം ടീം തോറ്റെങ്കിലും ധോണിയുടെ ഡ്രൈവിംഗ് ശ്രീലങ്കന്‍ ആരാധകരെയും അവേശത്തിലാക്കി. 

വാഹനത്തിന്‍റെ അകത്ത് ഇടം കിട്ടാതിരുന്ന താരങ്ങള്‍ മുകളില്‍ കയറിയിരുന്നു. മല്‍സര ഇടവേളയില്‍ അവതാരകനായ മുന്‍ താരം മുരളി കാര്‍ത്തിക് ബാറ്ററിയിലോടുന്ന ഈ വാഹനം പരിചയപ്പെടുത്തിയിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിനവും തൂത്തുവാരിയാണ് ഇന്ത്യയുടെ ജൈത്രയാത്ര.