ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ, ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയും തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്. വിജയത്തുടര്‍ച്ചയുടെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡിനും അരികെയാണ് വിരാട് കോലി നേതൃത്വം നല്‍കുന്ന ടീം ഇന്ത്യ. തുടര്‍ച്ചയായി ഒമ്പത് മല്‍സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോലി, ഇക്കാര്യത്തില്‍ എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്. നേരത്തെ ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ടീം ഇന്ത്യയെ തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചിരുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തില്‍ വിജയിക്കാനായാല്‍, വിരാട് കോലിക്ക് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഈ റെക്കോര്‍ഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാം. ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളും ആധികാരികമായിത്തന്നെ ജയിക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചു.