തിരുവനന്തപുരം: കൊച്ചിയിലെ കൊമ്പന്മാര്‍ക്കൊപ്പം ഐഎസ്എല്ലില്‍ പന്ത് തട്ടാന്‍ തിരുവനന്തപുരത്തിനും ഒരു ടീമുണ്ടാകുമോ.പുതിയ മൂന്ന് ടീമുകളുടെ ഹോം ഗ്രൗണ്ടിനായി ക്ഷണിച്ച അപേക്ഷകളില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തിയതാണ് ഐഎസ്എല്‍ ഫുട്ബോളില്‍ കേരളത്തിന് രണ്ടാമതൊരു ടീം കൂടി ലഭിക്കാന്‍ വഴിയൊരുക്കുന്നത്. ലീഗില്‍ കേരളത്തിന്റെ രണ്ടാം ടീമിനുള്ള സാധ്യതയുയര്‍ത്തി പുതിയ ഫ്രാഞ്ചൈസികള്‍ക്കുള്ള അപേക്ഷ സംഘാടകര്‍ ക്ഷണിച്ചു.
പുതിയ ടീമുകളുടെ ആസ്ഥാനമായി 10 നഗരങ്ങളെ ആണ് എഫ്എസ്ഡിഎല്‍ പരിഗണിക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ, ബംഗലുരു അഹമ്മദാബാദ് കട്ടക്ക് കൊല്‍ക്കത്ത സിലിഗുരി ദുര്‍ഗാപൂര്‍ ഹൈദരാബാദ് ജംഷഡ്പൂര്‍ റാഞ്ചി എന്നീ നഗരങ്ങളും പട്ടികയിലെത്തി. ഫ്രാഞ്ചൈസികള്‍ക്കായുള്ള അപേക്ഷ ഈ മാസം 25നുള്ളില്‍ സമര്‍പ്പിക്കണം. ഒന്ന് മുതല്‍ മൂന്ന് ടീമുകളെവരെ പുതുതായി ഉള്‍പ്പെടുത്തുമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ 8 ടീമുകള്‍ ആണ് നിലവില്‍ ഐഎസ്എല്ലില്‍. തിരുവനന്തപുരത്തിന് ടീമുണ്ടായാല്‍ സാഫ് കപ്പില്‍ ഇന്ത്യയുടെ കിരീടധാരണത്തിന് സാക്ഷിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കും. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പരിശീലന
ക്യാംപും കാര്യവട്ടത്ത് നടന്നിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കാണികള്‍ കേരളത്തിലാണെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ ഒന്നടങ്കം പറയുമ്പോള്‍ തിരുവനന്തപുരത്തിനും പ്രതീക്ഷ വയ്‌ക്കാം.
