ക്രൈസ്റ്റ്‌ചര്‍ച്ച്: കൗമാര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ സ്വപ്നതുല്യമായ ജൈത്രയാത്ര അവസാനിച്ചു. കരുത്തരെ അട്ടിമറിച്ച് സെമിഫൈനലിലെത്തിയ അഫ്ഗാനെ പിടിച്ചുകെട്ടി ഓസ്ട്രേലിയ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലെത്തി. ഇന്ത്യ-പാക്കിസ്ഥാന്‍ രണ്ടാം സെമിയിലെ വിജയികളാവും ഫൈനലില്‍ ഓസീസിന്റെ എതിരാളികള്‍. ആറു വിക്കറ്റിനായിരുന്നു ഓസീസിന്റെ ആധികാരിക വിജയം.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 181 റണ്‍സിനു പുറത്തായപ്പോള്‍ ഓസ്ട്രേലിയ 37.3 ഓവറില്‍ 182 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓസീസിന്റെ ജാക്ക് എഡ്വേര്‍ഡ്സ് ആണ് കളിയിലെ താരം. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നേറിയില്ല. അഫ്ഗാന്‍ നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ ഇക്രം അലി ഖില്‍ മാത്രമാണ് തിളങ്ങിയത്. 80 റണ്‍സാണ് ഇക്രം സ്വന്തമാക്കിയത്. റഹ്മാനുള്ള(20) ആണ് രണ്ടാമത്തെ മികച്ച സ്കോറര്‍. നാല് വിക്കറ്റ് നേടി ജോനാഥന്‍ മെര്‍ലോ ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 72 റണ്‍സുമായി ജാക്ക് എഡ്വേര്‍ഡ്സ് നയിച്ചു. ജേസണ്‍ സംഘ(26), പരം ഉപ്പല്‍(32*), നഥാന്‍ മക്സ്വീനി(22*) എന്നിവരും ടീമിന്റെ വിജയം ഉറപ്പാക്കി. ഖൈസ് അഹമ്മദ് രണ്ട് വിക്കറ്റ് നേടി അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി.