ഫിലാഡല്‍ഫിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ആതിഥേയരായ അമേരിക്ക ക്വാര്‍ട്ടറിലെത്തി. 27-ാം മിനിറ്റില്‍ ക്ലിന്റ് ഡെംസിയാണ് അമേരിക്കയുടെ വിജയഗോള്‍ നേടിയത്. തോല്‍വിയോടെ പാരഗ്വായ് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റ അമേരിക്കയ്ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും മുന്നോട്ടുള് വഴി തുറക്കുമായിരുന്നില്ല.
ഈ തിരിച്ചറിവില്‍ ആക്രമണ ഫുട്ബോളുമായാണ് അമേരിക്ക കളത്തിലിറങ്ങിയത്. ഒടുവില്‍ 27-ാം മിനിട്ടിലാണ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ ഗ്യാസി സാര്‍ഡെസിന്റെ മനോഹരമായൊരു ക്രോസില്‍ ഡെംസിയുടെ വിജയഗോള്‍ പിറന്നു. ലീഡ് നേടി ഏറെ കഴിയും മുമ്പെ അമേരിക്കയ്ക്ക് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട യെഡിനെ നഷ്ടമായതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഈ അവസരം മുതലെടുക്കാന്‍ പാരഗ്വേയ്ക്കായില്ല.
മൂര്‍ച്ച കുറഞ്ഞ നീക്കങ്ങളും മുനയൊടിഞ്ഞ ആക്രമണങ്ങളും അമേരിക്കയ്ക്ക് തലവേദനയായതുമില്ല. ഗോളിനടുത്തെത്തിയപ്പോഴൊക്കെ അമേരിക്കന്‍ ഗോള്‍ കീപ്പര്‍ ഗുസാന്‍ അവര്‍ക്ക് മുന്നില്‍ വന്‍മതിലാവുകയും ചെയ്തു. പാരഗ്വേ ഗോളെന്നുറച്ച ആറോളം ഷോട്ടുകളാണ് ഗുസാന്‍ തടത്തിട്ടത്.
