പൂനെ: ഒരു കായികതാരത്തിന്റെ കരിയര്‍ പൂര്‍ണതയിലെത്തണമെങ്കില്‍ അയാള്‍ക്ക് മികച്ച കുടുബസാഹചര്യങ്ങള്‍ കൂടി ഉണ്ടാവണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ്. കുടുംബത്തിന്റെ പിന്തുണയിലാണ് ഒരു കായിക പ്രതിഭ താരമായി മാറുന്നതെന്നും കപില്‍ പറഞ്ഞു. പൂനെയില്‍ കായികതാരങ്ങളുടെ മാതാപിതാക്കളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കപില്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബാല്യകാല സുഹൃത്തായ വിനോദ് കാംബ്ലിയും ഒരുമിച്ചാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. ഒരുപോലെ പ്രതിഭാധനരായിരുന്നു ഇരുവരും. ഒരുപക്ഷെ സച്ചിനേക്കാള്‍ പ്രതിഭയുള്ള കളിക്കാരനായിരുന്നു കാംബ്ലി. എന്നാല്‍ കാംബ്ലിയുടെ കുടുംബ സാഹചര്യവും സുഹൃത്തുക്കളും സച്ചിന്റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. പിന്നീടെന്ത് സംഭവിച്ചുവെന്ന് നമുക്കെല്ലാം അറിയാം. സച്ചിന്‍ 24 വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചു. കാംബ്ലിയാകട്ടെ മിന്നുന്ന തുടക്കത്തിനുശേഷം മറവിയിലേക്കാണ്ടുപോയി.

പ്രതിഭ പ്രധാനമാണ്, പക്ഷെ അതിനേക്കാള്‍ പ്രധാനമാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടയും രക്ഷിതാക്കളുടെയും സ്കൂള്‍, കോളജ് അധികൃതരുടെയുമെല്ലാം പിന്തുണ. എന്നാല്‍ മാതാപിതാക്കളുടെ ആഗ്രഹ സാക്ഷാത്കരത്തിനായി കുട്ടികളെ നിര്‍ബന്ധിക്കരുത്. അവര്‍ക്കിഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുയുമരുത്- കപില്‍ പറഞ്ഞു.

തന്റെ നായകത്വത്തില്‍ നേടിയ 1983ലെ ലോകകപ്പ് ജയത്തിന്റെ നേട്ടം കൊയ്തത് ക്രിക്കറ്റിലെ അടുത്ത തലമുറയാണെന്നും കപില്‍ പറഞ്ഞു. അതിനുശേഷമാണ് ക്രിക്കറ്റ് ബോര്‍ഡ് ഇത്രത്തോളം സമ്പന്നമായതും വളര്‍ന്നതും. അതിന്റെ നേട്ടം ഇന്നത്തെ കളിക്കാരാണ് അനുഭവിക്കുന്നതെന്നും കപില്‍ പറഞ്ഞു.