ഗുവാഹത്തി: ഏകദിന പരമ്പരയ്ക്കു പിന്നാലെ ഓസ്ടേലിയക്കെതിരായ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു.ഗുവാഹത്തിയില്‍
രാത്രി 7 മണിക്കാണ് മത്സരം. മഴ തടസ്സപ്പെടുത്തിയ ആദ്യ ട്വന്റി-20യില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. അസം ക്രിക്കറ്റ് അസോസിയേഷന്‍ പുതിയതായി നിര്‍മ്മിച്ച ബര്‍സാപരാ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരമാണിത്.

ബാറ്റിംഗ് വിക്കറ്റാണ് ഗുവാഹത്തിയില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നെങ്കിലും ഇന്ന് മഴ വില്ലനാവില്ലെന്നാണ് സൂചന. മഴ കാരണം ഇന്നലെ ഇന്ത്യയുടെ പരിശീലനം മുടങ്ങിയിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനെ നയിക്കുന്നത്.

ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ഏകദിന പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.ഏഴു വര്‍ഷത്തിനുശേഷമാണ് ആസമിലേക്ക് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം വരുന്നത്. 2010ല്‍ നടന്ന ഇന്ത്യാ-ന്യൂസിലന്‍ഡ് മത്സരമായിരുന്നു ഇവിടെ അവസാനമായി നടന്നത്.