ദുബായ്: ഐസിസി റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ജസ്പ്രീത് ബൂമ്ര. ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ബൂമ്ര ഇതാദ്യമായി ഒന്നാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ വിസ്മയം റാഷിദ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ എട്ടു വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയ ബൂമ്ര രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്തേക്കയുര്‍ന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 16 വിക്കറ്റുമായി മിന്നുന്ന പ്രകടനം നടത്തിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബൂമ്രയും ചാഹലുമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. 17 വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കുല്‍ദീപ് യാദവ് ബൗളര്‍മാരുടെ റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്തെത്തി. അക്ഷര്‍ പട്ടേല്‍ പതിനാറാം സ്ഥാനത്താണ്.
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എ.ബി.ഡിവില്ലിയേഴ്സ് രണ്ടാം സ്ഥാനത്താണ്. രോഹിത് ശര്‍മ ആറാമതും ശീഖര്‍ ധവാന്‍ പത്താമതുമാണ്. ധോണി പതിനഞ്ചാം സ്ഥാനത്തുമാണ്.
