സംഭവം ലൈവായി ടെലിവിഷനില്‍ എത്തിയതോടെ ഇന്ത്യയുടെ മുൻ താരങ്ങളും നിലവില്‍ കമന്റേറ്റര്‍മാരുമായി ആകാശ് ചോപ്രയും വിരേന്ദര്‍ സേവാഗും പ്രതികരിച്ചു
ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ പിടിച്ചുകെട്ടാൻ കഴിയാതെ പോയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാമ്പില്‍ അഭിപ്രായഭിന്നത രൂപപ്പെടുന്നതായി സൂചന. ബെംഗളൂരു ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടരവെ 30 റണ്‍സിന് ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍, ലഭിച്ച ആധിപത്യം ഉപയോഗിക്കാൻ ബെംഗളൂരുവിനായില്ല. കെ എല്‍ രാഹുലിന്റെ ഇന്നിങ്സ് ബലത്തില്‍ അനായാസം ഡല്‍ഹി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
ബെംഗളൂരുവിന്റെ ബാറ്റിംഗ് പരിശീലകൻ ദിനേഷ് കാര്‍ത്തിക്കുമായി വിരാട് കോലി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കോലിയെ വളരെ ക്ഷുഭിതനായാണ് കാണാൻ കഴിഞ്ഞത്. നായകൻ രജത് പാട്ടിദാറിന്റെ മോശം തീരുമാനങ്ങളില്‍ കോലി അതൃപ്തി പര്യസമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
പാട്ടിദാറിന്റെ തീരുമാനങ്ങളിലെ വീഴ്ചകളാണ് കോലി ചൂണ്ടിക്കാണിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു. സംഭവം ലൈവായി ടെലിവിഷനില്‍ എത്തിയതോടെ ഇന്ത്യയുടെ മുൻ താരങ്ങളും നിലവില്‍ കമന്റേറ്റര്‍മാരുമായി ആകാശ് ചോപ്രയും വിരേന്ദര്‍ സേവാഗും പ്രതികരിച്ചു. എന്താണ് നടന്നതെങ്കിലും കോലി അതില്‍ തൃപ്തനല്ലെന്ന് വ്യക്തമാണെന്ന് ഇരുവരും പറഞ്ഞു. ഇക്കാര്യങ്ങള്‍ പാട്ടിദാറിന് ചൂണ്ടിക്കാണിച്ചുകൊടുക്കാൻ നിലവില്‍ ക്യാപ്റ്റനല്ലാത്ത കോലി തയാറാകണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
കാര്‍ത്തിക്കിനോട് മാത്രമല്ല, ടീമിലെ മറ്റൊരു സീനിയര്‍ താരമായ ഭുവനേശ്വര്‍ കുമാറിനോട് കോലി പാട്ടിദാറിനെക്കുറിച്ച് സംസാരിച്ചതായും ഫാൻ തിയറികളുണ്ട്. എന്നാല്‍, കാര്‍ത്തിക്കിന് മുന്നില്‍ കോലി ശാന്തത വെടിഞ്ഞതിന്റെ കൃത്യമായ കാരണം വ്യക്തമല്ല.
ഡല്‍ഹി ബെംഗളൂരു മത്സരത്തില്‍ രാഹുലിന്റെ ഇന്നിങ്സായിരുന്നു നിര്‍ണായകമായത്. 93 റണ്‍സ് നേടി രാഹുല്‍ പുറത്താകാതെ നിന്നതോടെ 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി സീസണിലെ നാലാം ജയം സ്വന്തമാക്കി. മത്സരശേഷം ടീമിലെ ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് പാട്ടിദാര്‍ പറയുകയും ചെയ്തു.
ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റാണെന്നാണ് കരുതിയത്. പക്ഷേ, നന്നായി ബാറ്റ് ചെയ്യാൻ ഞങ്ങള്‍ക്ക് സാധിച്ചില്ല. എല്ലാ ബാറ്റര്‍മാരും ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, 80-1 എന്ന നിലയില്‍ നിന്ന് 90-4 എന്ന നിലയിലേക്ക് വീഴുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. മികച്ച ബാറ്റിംഗ് ലൈനപ്പുണ്ട്, സാഹചര്യം മനസിലാക്കി കളിക്കാൻ തയാറാകണം. ടിം ഡേവിഡിന്റെ ഫിനിഷിങ്ങും പവര്‍പ്ലെയിലെ ബൗളിംഗും മികച്ചതായിരുന്നെന്നും പാട്ടിദാര്‍ വ്യക്തമാക്കി.
