ഐപിഎല്‍ താരലേലം പുരോഗമിക്കുമ്പോള്‍ വമ്പന്‍ താരങ്ങളെ പൊന്നും വിലകൊടുത്ത് ടീമിലെടുത്ത് എല്ലാവരെയും ഞെട്ടിക്കുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ടീം മാര്‍ഗദര്‍ശിയും മുന്‍ താരവുമായ വീരേന്ദര്‍ സെവാഗും ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുമാണ് ലേലത്തില്‍ സജീവമായി പങ്കെടുക്കുന്നത്. ഇതുവരെ യുവരാജ് സിംഗ്, അശ്വിന്‍, കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, ആരോണ്‍ ഫിഞ്ച് എന്നീ പ്രമുഖരെയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലെടുത്തിരിക്കുന്നത്.

താരലേലത്തിനിടെ കിട്ടിയ ചെറിയ ഇടവേളയില്‍ ടീം ഉടമയെ ട്രോളാന്‍ കിട്ടിയ അവസരം സെവാഗ് പാഴാക്കിയില്ല. സ്ത്രീകള്‍ ഷോപ്പിംഗിനിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് പറയേണ്ടതില്ലല്ലോ, പ്രീതി സിന്റ ഷോപ്പിംഗ് മൂഡിലാണ്, എല്ലാം വാങ്ങിച്ചു കൂട്ടുന്നുണ്ടെന്നായിരുന്നു പ്രീതിയെ കളിയാക്കി സെവാഗിട്ട ട്വീറ്റ്.

Scroll to load tweet…

മിച്ചല്‍ സ്റ്റാര്‍ക്കിനും ക്രിസ് ലിന്നിനും ഡ്വയിന്‍ ബ്രാവോയ്ക്കും ശീഖര്‍ ധവാനും വേണ്ടിയെല്ലാം കിംഗ്സ് ഇലവന്‍ ശക്തമായി ലേലം വിളിച്ചിരുന്നു. ഈ സീസണില്‍ അക്ഷര്‍ പട്ടേലിനെ മാത്രമാണ് കിംഗ്സ് റീട്ടെയിന്‍ ചെയ്തത്. 6.75 കോടിയാണ് അക്ഷര്‍ പട്ടേലിന് കിംഗ്സ് നല്‍കിയത്. 67.5 കോടിയാണ് ലേലത്തില്‍ കിംഗ്സിനായി ബാക്കിയുണ്ടായിരുന്ന തുക.