കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അഫ്രിദിയെ അനുകരിച്ച് പന്തെറിഞ്ഞ് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്ത്. രണ്ട് ഓപ്പണര്‍മാരെയാണ് അഫ്രിദിയുടെ ആക്ഷനില്‍ സ്‌മിത്ത് പുറത്താക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിടുന്ന താരം ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ്. 

ബാര്‍ബഡോസ്: പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. എന്നാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്‍റില്‍ കളിക്കുന്ന സ്മിത്ത് മിന്നും ഫോമിലാണ്. കഴിഞ്ഞ ദിവസം ബാര്‍ബഡോസിനായി അര്‍ദ്ധ സെഞ്ചുറിയും രണ്ട് വിക്കറ്റുകളും നേടി സ്മിത്ത് കളിയിലെ താരമായി. എന്നാല്‍ സ്മിത്തിന്‍റെ പ്രകടനത്തില്‍ വേറിട്ടുനിന്നത് ബൗളിംഗ് ആക്ഷനായിരുന്നു.

പാക്കിസ്താന്‍ ഇതിഹാസം അഫ്രിദിയുടെ ആക്ഷനില്‍ പന്തെറിഞ്ഞാണ് സ്മിത്ത് രണ്ടുപേരെ പുറത്താക്കിയത്. ഓപ്പണര്‍മാരായ ജെയ്സണ്‍ ചാള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ സ്മിത്തിന് മുന്നില്‍ കീഴടങ്ങി. ചാള്‍സിനെ ഗുപ്റ്റിലും മിഡ് വിക്കറ്റില്‍ ഫിലിപ്‌സിനെ വിക്കറ്റ് കീപ്പര്‍ നിക്കോളസും പിടിച്ചാണ് പുറത്തായത്. മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് മത്സരത്തില്‍ മുന്‍ ഓസീസ് നായകന്‍റെ സംഭാവന.

രണ്ട് വിക്കറ്റിന് 37 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ ബാറ്റിംഗിനിറങ്ങിയ സ്മിത്ത് 44 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്തു. സ്‌പിന്‍ ബൗളറായി ടീമിലെത്തിയ സ്‌മിത്ത് പിന്നീട് ഓസീസിന്‍റെ പ്രധാന ബാറ്റ്സ്മാനായി മാറുകയായിരുന്നു. 

Scroll to load tweet…