മത്സരത്തിന് ഉപയോഗിക്കുന്ന പന്ത് മാറ്റണമെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര അംപയറോട് ആവശ്യപ്പെട്ടിരുന്നു.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അംപയറോട് പ്രകോപിതനായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. ലീഡ്‌സില്‍ പുരോഗമിക്കുന്ന മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് സംഭവം. മത്സരത്തില്‍ ഇംഗ്ലണ്ടിന് ഇന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒല്ലി പോപ് (106), ബെന്‍ സ്റ്റോക്‌സ് (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ഇതിനിടെയാണ് റിഷഭ്, അംപയറുമായി കയര്‍ത്തത്. മത്സരത്തിന് ഉപയോഗിക്കുന്ന പന്ത് മാറ്റണമെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര അംപയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അംപയര്‍ പരിശോധനയ്ക്ക് ശേഷം ആ പന്തില്‍ തന്നെ മത്സരം തുടരാന്‍ പറയുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരം റിഷഭിന് അത് അത്ര രസിച്ചില്ല. നീരസം പ്രകടമാക്കിയ റിഷഭ്, പന്ത് വലിച്ചെറിയുകയായിരുന്നു. അംപയറോടുള്ള വിയോജിപ്പ് പ്രകടമാക്കിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത് വലിച്ചെറിഞ്ഞത്. വീഡിയോ കാണാം...
അതേസമയം, ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനായി പൊരുതുകയാണ് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 471നെതിരെ ഇംഗ്ലണ്ട്, മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 327 എന്ന നിലയിലാണ്. ഇപ്പോഴും 144 റണ്‍സ് പിറകിലാണ് അവര്‍. ഹാരി ബ്രൂക്ക് (57), ജാമി സ്മിത്ത് (29) എന്നിവരാണ് ക്രീസില്‍.
പോപ്പിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് പോപ്പ് മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റെ ഇന്നിംഗ്‌സ്. വൈകാതെ സ്റ്റോക്‌സും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഇതിനിടെ ബ്രൂക്ക് നല്‍കിയ അവസരം റിഷഭ് പന്ത് വിട്ടുകളയുകയും ചെയ്തു. പിന്നാലെ ബ്രൂക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
ബ്രൂക്ക് - ജാമി സ്മിത്ത് സഖ്യം ഇതുവരെ 51 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. സാക്ക് ക്രോളി (4), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്നലെ നഷ്ടമായത്. മൂന്ന് വിക്കറ്റുകളും ജസ്പ്രിത് ബുമ്രയ്ക്കായിരുന്നു.



