വിജയത്തിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസ്സിംഗ് റൂമിന്റെ ചില്ല് അടിച്ചുതകര്‍ത്തെന്ന് ആരോപണം

First Published 17, Mar 2018, 1:05 PM IST
Window of the Bangladesh dressing room broken
Highlights

എന്നാല്‍ ബംഗ്ലാദേശ് ടീമിന്റെ ഡ്രസ്സിംഗ് റൂം ചില്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല.

കൊളംബോ: ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ മത്സരം ബംഗ്ലാദേശ് ജയിച്ചശേഷവും വിവാദങ്ങള്‍ അടങ്ങുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ മതിമറന്ന് ആഘോഷിച്ച ബംഗ്ലാ താരങ്ങള്‍ ഡ്രസ്സിംഗ് റൂമിന്റെ ചില്ല് അടിച്ചു തകര്‍ത്തുവെന്നാണ് ആരോപണം. ഡ്രസ്സിംഗ് റൂമിന്റെ ചില്ലുകള്‍ തകര്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യ രംഗത്തെത്തി. ബംഗ്ലാദേശ് താരങ്ങളുടെ നടപടി മൂന്നാംകിടയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത ജയസൂര്യ പെട്ടെന്ന് തന്നെ ട്വീറ്റ് പിന്‍വലിച്ചു.

എന്നാല്‍ ബംഗ്ലാദേശ് ടീമിന്റെ ഡ്രസ്സിംഗ് റൂം ചില്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമെ ഇക്കാര്യം വ്യക്തമാവൂ എന്ന് പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് പറഞ്ഞു. മത്സരത്തിന്റെ അവസാന ഓവറിലെ നാടകീയതക്കും ബംഗ്ലാദേശിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനുംശേഷമാണ് ഈ സംഭവം. വിജയത്തിനുശേഷം ഗ്രൗണ്ടില്‍വെച്ച് ബംഗ്ലാ താരങ്ങള്‍ നടത്തി നാഗനൃത്തത്തിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് മെഹ്മദ്ദുള്ളയുടെ ബാറ്റിംഗ് മികവില്‍ ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് വിജയം പിടിച്ചെടുത്തത്. അമ്പയര്‍ നോ ബോള്‍ അനുവദിക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ വിവാദത്തെത്തുടര്‍ന്ന് കളി അല്‍പസമയം നിര്‍ത്തിവെയ്ക്കേണ്ടി വന്നിരുന്നു.

 

loader