ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ട സമയമാണിത്. ഇനിയും ഇത് സഹിക്കാനാവില്ല. ശാശ്വതമായൊരു പരിഹാരമാണ് ഇനി വേണ്ടത്.

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹല്‍. പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരും ബിസിസിഐയുമാണെന്ന് ഇന്ത്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ ചാഹല്‍ പറഞ്ഞു.

ടീമിലെ ഒന്നോ രണ്ടോ താരങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇത്. എങ്കിലും ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ട സമയമാണിത്. ഇനിയും ഇത് സഹിക്കാനാവില്ല. ശാശ്വതമായൊരു പരിഹാരമാണ് ഇനി വേണ്ടത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ മരിച്ചു വീഴുന്ന വാര്‍ത്തകളാണ് വരുന്നത്. ഇനിയും കാത്തിരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.മുഖത്തോടു മുഖം നിന്ന് നമുക്കിത് തീര്‍ക്കാം-ചാഹല്‍ പറഞ്ഞു.

അതേസമയം, ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ബിസിസിഐ നേരത്ത വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ എന്ത് നിലപാടെടുത്താലും അതിനൊപ്പം നില്‍ക്കാനാണ് ബിസിസിഐ തീരുമാനം.